ടൈകോൺ കേരള 2025 നവംബറിൽ

Thursday 23 October 2025 1:46 AM IST

കൊച്ചി: സംരംഭക സമ്മേളനമായ ടൈകോൺ കേരള 2025 നവംബർ 21, 22 തീയതികളിൽ കുമരകം ദി സൂരിയിൽ നടക്കും. 'സെലിബ്രേറ്റിംഗ് ഓൺട്രപ്രണർഷിപ്പ്' എന്ന പ്രമേയത്തിൽ വ്യവസായികൾ, മാനേജ്മെന്റ് വിദഗ്ദ്ധർ, നിക്ഷേപകർ, മെന്റർമാർ, ഇന്നവേറ്റർമാർ, സർക്കാർ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ തുറക്കുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്താൻ സ്റ്റാർട്ടപ്പുകളെയും ബിസിനസുകളെയും സഹായിക്കാനും ടൈകോൺ ലക്ഷ്യമിടുന്നുണ്ടെന്ന് ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ടൈ കേരള വൈസ് പ്രസിഡന്റും ടൈകോൺ കേരള 2025 ചെയറുമായ ഡോ. ജീമോൻ കോര എന്നിവർ പറഞ്ഞു.

പിച്ച് ബേ സംരംഭക സമ്മേളനത്തിൽ വി.കെ. മാത്യൂസ്, അജു ജേക്കബ്, നവാസ് എം. മീരാൻ, അജിത് മൂപ്പൻ, നസ്‌നീൻ ജഹാംഗീർ എന്നിവരുടെ നേതൃത്വത്തിലുള്ള ജൂറിക്ക് മുന്നിൽ പുതിയ സംരംഭകർക്ക് നൂതന ബിസിനസ് ആശയങ്ങൾ അവതരിപ്പിക്കാം.

എഫ്.എം.സി.ജി ബ്രാൻഡായ കവിൻ കെയറിന്റെ സ്ഥാപകനും ചെയർമാനുമായ സി.കെ. രംഗനാഥൻ, മുൻ മിസ് ഇന്ത്യ യൂണിവേഴ്‌സും സിനിമാതാരവുമായ ഗുൽ പനാഗ്, ബ്ലോക്ക്‌ചെയിൻ സംരംഭം ചാൻസ് റിവറിന്റെ സ്ഥാപകനും സി.ഇ.ഒയുമായ നിതിൻ ഈപ്പൻ, സൈജീനോം ലാബ്‌സിന്റെ സി.ഇ.ഒ സാം സന്തോഷ് എന്നിവർ മുഖ്യ പ്രഭാഷകരാകും.