അമിത - സുഫ കൈകോർക്കും; മെഡലുകൾ സംസാരിക്കും
തിരുവനന്തപുരം: കേൾക്കാനും മിണ്ടാനുമാവാത്ത അമിതയും സുഫയും അഞ്ച് വയസ്സുമുതൽ ഒരുമിച്ചാണ്. ആംഗ്യഭാഷയിലൂടെ ആശയവിനിമയം. ഇവർ ഇന്നലെ വെള്ളായണി കാർഷിക കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാൻഡ് ബാളിൽ മിന്നി. ഇൻക്ലൂസീവ് വിഭാഗത്തിൽ ഇവരുടെ കോഴിക്കോട് ടീം തിരുവനന്തപുരത്തെ വീഴ്ത്തി. വിജയശില്പികളായ കൂട്ടുകാർക്ക് നിറഞ്ഞ കൈയടി.
എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിലെ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ് ഇരുവരും. രണ്ടാം തവണയാണ് സംസ്ഥാന മത്സരത്തിനെത്തുന്നത്. കഴിഞ്ഞ വർഷം 2 ഗോളുകൾക്ക് തിരുവനന്തപുരം കോഴിക്കോടിനെ തോൽപ്പിച്ചിരുന്നു. ഇത്തവണ മധുരപ്രതികാരം. ടീമിന്റെ ആറ് ഗോളുകളിൽ മൂന്നും നേടിയത് അമിത. പാസ് നൽകിയത് സുഫ.
ഹൽവ കച്ചവടക്കാരനായ അബ്ദുൽ സലാമാണ് അമിതയുടെ പിതാവ്. അമ്മ: അഫ്സീന. പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥയായ റുക്സാന, ഖദീജ (വിദ്യാർത്ഥി) എന്നിവർ സഹോദരങ്ങൾ. കൂലിപ്പണിക്കാരനായ മുഹമ്മദ്, നസീറ ദമ്പതികളുടെ മൂത്തമകളാണ് സുഫ. സഹോദരി ഹവ ഐറിൻ. നാലുപേർക്കും സംസാരിക്കാനും കേൾക്കാനുമാവില്ല.
സ്പോർട്സാണ് ഭാഷ
സർവകായിക വല്ലഭരാണ് ഇരുവരും. ഭിന്നശേഷിക്കാരുടെ ദേശീയ കായികോത്സവത്തിൽ ഓട്ടം, ലോംഗ് ജമ്പ് എന്നിവയിലും സുഫ പങ്കെടുത്തിട്ടുണ്ട്. ഷോട്ട് പുട്ടും ഡിസ്ക്കസ് ത്രോയുമാണ് അമിതയുടെ മറ്റിനങ്ങൾ. 2023 ൽ ഡിസ്ക്കസ് ത്രോയിൽ അമിത വെങ്കലം നേടിയിരുന്നു. ഈമാസം തൃശൂരിൽ നടക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാനതല ചെസ് മത്സരത്തിലും ഇരുവരും മാറ്റുരയ്ക്കുന്നുണ്ട്.