രാഷ്ട്രപതിക്ക് സുരക്ഷാവീഴ്ച; ഹെലിപ്പാഡിൽ പുതഞ്ഞ് കോപ്ടർ
പത്തനംതിട്ട: പെരുമഴ കണക്കിലെടുത്ത് മുന്നൊരുക്കം നടത്തിയില്ല. രാഷ്ട്രപതിയുടെ ഹെലികോപ്ടർ യാത്രയിൽ സുരക്ഷാ വീഴ്ച. രായ്ക്കുരാമാനം കോൺക്രീറ്റിട്ട ഹെലിപ്പാഡിൽ ഹെലികോപ്ടർ പുതഞ്ഞു. പൊലീസും ഫയർഫോഴ്സും ചേർന്ന് തള്ളിനീക്കുന്നത് ദേശീയ മാദ്ധ്യമങ്ങളിലടക്കം വാർത്തയായി. സോഷ്യൽ മീഡിയ ആഘോഷിച്ചു.
നേരത്തേ നിശ്ചയിച്ച നിലയ്ക്കലിൽ മൂടൽമഞ്ഞായതിനാൽ ഹെലികോപ്ടർ ഇറക്കാൻ കഴിയില്ലെന്ന് വ്യോമസേന വ്യക്തമാക്കിയതോടെയാണ് യാത്രയിൽ മാറ്റമുണ്ടായത്. റോഡുമാർഗമായാലും ശബരിമല ദർശനം നടത്തണമെന്ന് രാഷ്ട്രപതി ഉറപ്പിച്ചിരുന്നു.
തുടർന്ന് അർദ്ധരരാത്രിക്കു ശേഷം ധൃതിപിടിച്ച് പത്തനംതിട്ട നഗരത്തിനു പുറത്തുള്ള പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലിപാഡ് തയ്യാറാക്കുകയായിരുന്നു. കോൺക്രീറ്റിൽ വന്നിറങ്ങിയ ഹെലികോപ്ടറിന്റെ പിൻചക്രം പുതഞ്ഞു.
നിലയ്ക്കലിൽ ഇറക്കാൻ കഴിയില്ലെന്ന് ചൊവ്വാഴ് രാത്രി ഒൻപതു മണിയോടെയാണ് വ്യോമസേന അറിയിച്ചത്. അർദ്ധരാത്രി തുടങ്ങിയ മൂന്ന് ഹെലിപ്പാഡുകളുടെ നിർമ്മാണം പുലർച്ചെ ആറ് മണിയോടെയാണ് പൂർത്തിയായത്. 8.33ന് കോപ്ടർ ലാൻഡ് ചെയ്തു.
പിന്നിലെ വലതുവശത്തെ ടയർ ചെറുതായി താഴ്ന്ന് തൊണ്ണൂറ് ഡിഗ്രി തിരിഞ്ഞു.ഇതു കാരണം മുന്നോട്ടു നീക്കാൻ കഴിഞ്ഞില്ല. രാഷ്ട്രപതി പമ്പയിലേക്ക് പുറപ്പെട്ടശേഷം പൊലീസും ഫയർഫോഴ്സും ചേർന്ന് തള്ളിനീക്കുകയായിരുന്നു.സാങ്കേതിക പ്രശ്നങ്ങളില്ലാതിരുന്നതിനാൽ ഈ കോപ്ടറിൽ തന്നെയാണ് രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് മടങ്ങിയത്.
രണ്ടടി മാറി ലാൻഡിംഗ്
രണ്ട് ഇഞ്ച് കനത്തിലാണ് കോൺക്രീറ്റ് ചെയ്തത്. ടയർ ഒരു സെന്റീമീറ്റർ താഴ്ന്നു. എച്ച് മാർക്കിൽ നിന്ന് രണ്ടടിയോളം പിന്നിലേക്ക് മാറിയാണ് ലാൻഡ് ചെയ്തത്. ഇതാണ് ടയർ താഴ്ന്നുപോകാൻ കാരണമെന്ന് അധികൃതർ പറയുന്നു.
രാത്രി പന്ത്രണ്ടരയോടെയാണ് മിക്സിംഗ് യൂണിറ്റ് അടക്കം കൊണ്ടുവന്ന് പണി തുടങ്ങിയത്. രാവിലെ ആറുമണിയോടെയാണ് പൂർത്തിയായത്.12 മണിക്കൂറാവാതെ കോൺക്രീറ്റ് ഉറയ്ക്കില്ല. വേഗത്തിൽ ഉറയ്ക്കാനുള്ള രാസമിശ്രിതം കലർത്തിയായിരുന്നു കോൺക്രീറ്റ്.
വ്യോമസേനയുടെ നിർദ്ദേശ പ്രകാരം പൊതുമരാമത്ത് റോഡ് വിഭാഗമാണ് കോൺക്രീറ്റ് ചെയ്തത്. ചെളിയും പൊടിയും ഉണ്ടാകാത്ത രീതിയിൽ ഹെലിപ്പാഡ് തയ്യാറാക്കണമെന്നായിരുന്നു നിർദ്ദേശം.
മുന്നറിയിപ്പ് ഗൗനിച്ചില്ല രാഷ്ട്രപതിയുടെ സന്ദർശനം ഒരു മാസം മുമ്പ് പമ്പയിൽ നടന്ന അയ്യപ്പ സംഗമത്തിൽ സർക്കാർ പ്രഖ്യാപിച്ചതാണ്. നിലയ്ക്കലിൽ ഹെലിപ്പാഡിന് ചുറ്റുമുള്ള മരങ്ങൾ വെട്ടിയും റോഡ് ടാർ ചെയ്തും ഒരുക്കം നടത്തി. തടസം നേരിട്ടാൽ പകരം ഹെലിപ്പാഡുകൾ ഒരുക്കിയിരുന്നില്ല. മഴ മുന്നറിയിപ്പുകൾ പരിഗണിച്ചില്ല. പത്തനംതിട്ടയിൽ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ സമീപത്തെ രണ്ടു കേന്ദ്രങ്ങളിൽ ഹെലിപാഡുകൾ ദിവസങ്ങൾക്ക് മുമ്പേ സജ്ജമാക്കിയിരുന്നു.
ഹെലികോപ്ടറിന്റെ ടയർ താഴ്ന്നതുകൊണ്ട് സുരക്ഷാ പ്രശ്നങ്ങളുണ്ടായിട്ടില്ല. ഹെലിപ്പാഡ് നിർമ്മാണത്തിൽ വ്യോമസേന അപകതകൾ ഉന്നയിച്ചിട്ടില്ല
-റവഡാ ചന്ദ്രശേഖർ
ഡി.ജി.പി