ഇൻക്ലൂസീവ് സ്പോർട്സ് തലയെടുപ്പോടെ പാലക്കാട്

Wednesday 22 October 2025 11:33 PM IST

തിരുവനന്തപുരം: ഒരുമയുടെ മഹത്വം വാനോളം ഉയർത്തിയും പരിമിതികളിൽ പതറാതെ പറന്നുയരാനുള്ള പ്രതീക്ഷയുടെ ചിറകും നൽകി ഇൻക്ലൂസീവ് സ്‌പോർട്‌സിന് കൊടി ഇറങ്ങി. 14 ജില്ലകളിൽ നിന്നായി 1944 കായികതാരങ്ങളാണ് സവിശേഷ പരിഗണന അർഹിക്കുന്നവരുടെ വിഭാഗത്തിൽ മാറ്റുരച്ചത്. ആൺകുട്ടികൾക്ക് ക്രിക്കറ്റും പെൺകുട്ടികൾക്ക് 'ബോച്ചെ' എന്നറിയപ്പെടുന്ന ബോക്‌സ് ബാൾ ഉൾപ്പടെ 20 ഇനങ്ങളിൽ തിരുവനന്തപുരം ആവേശപ്പോരിന് സാക്ഷിയായി. പാലക്കാട് ഓവറോൾ ചാമ്പ്യൻപട്ടം സ്വന്തമാക്കി. 98 പോയിന്റ്. കോഴിക്കോടാണ് റണ്ണറപ്പ്. 80 പോയിന്റ് നേടിയാണ് നേട്ടം സ്വന്തമാക്കിയത്. പ്രഥമ ഇൻക്ലൂസീവ് കായികമേളയുടെ വിജയികളായ തിരുവനന്തപുരം മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 78 പോയിന്റ്.

അത്‌ലറ്റിക്‌സിലെ മികവാണ് പാലക്കാടിന് കരുത്തായാണ്. എട്ട് സ്വർണവും രണ്ട് വെള്ളിയുമടക്കം 54 പോയിന്റോടെയാണ് ഈ വിഭാഗത്തിൽ കസറിയത്. തിരുവനന്തപുരമാണ് റണ്ണറപ്പ്. രണ്ട് സ്വർണം ആറ് വെള്ളി രണ്ട് വെങ്കലമടക്കം 46 പോയിന്റ്. കോഴിക്കോടാണ് മൂന്നാമത്. 36 പോയിന്റ് നേടിയ സാമൂതിരിയുടെ നാട്ടുകാർ ഒരു സ്വർണവും അഞ്ച് വെള്ളിയും ഒരു വെങ്കലവുമാണ് സ്വന്തമാക്കിയത്. അത്‌ലറ്റിക്‌സിൽ 4-100 മിക്‌സഡ് റിലേ, മിക്‌സഡ് സ്റ്റാൻഡിംഗ്,ത്രോ, മിക്‌സഡ് സ്റ്റാൻഡിംഗ് ലോംഗ് ജമ്പ്, 100 മീറ്റർ ഓട്ടം എന്നീ മത്സരങ്ങളാണ് ഉണ്ടായിരുന്നത്.

ഇൻക്ലൂസീവ് ഗെയിംസിൽ കോഴിക്കോട് മിന്നി. 38 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. ഈ മികവാണ് ഓവറോളിൽ റണ്ണറപ്പാക്കിയത്. 3 സ്വർണം,1 വെള്ളി, 1 വെങ്കലം എന്നിങ്ങനെയാണ് മെഡലുകൾ. 26 പോയിന്റുമായി പാലക്കാടും 22 പോയിന്റുമായി തിരുവനന്തപുരവുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഓവറോൾ ചാമ്പ്യന്മാർക്കും അത്ലറ്റിക്സ്, ഗെയിംസ് വിഭാഗങ്ങളിലെ ചാമ്പ്യന്മാർക്കും ട്രോഫികൾ സമ്മാനിച്ചു.