നാട്ടിലെ ബാങ്കുകളിലെ പ്രവാസികളുടെ ആ ശീലം മാറുന്നു; പ്രധാന കാരണം ചൂണ്ടിക്കാണിച്ച് ആര്‍ബിഐ

Thursday 23 October 2025 12:05 AM IST

കൊച്ചി: പ്രവാസികള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപങ്ങളുടെ ഒഴുക്ക് കുറഞ്ഞതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍.ബി.ഐ) കണക്ക്. ഏപ്രില്‍ ജൂലായ് മാസങ്ങളില്‍ പ്രവാസി ഇന്ത്യന്‍ നിക്ഷേപ (എന്‍.ആര്‍.ഐ) പദ്ധതികളിലേക്ക് 470 കോടി ഡോളര്‍ നിക്ഷേപം മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 580 കോടി ഡോളറായിരുന്നു നിക്ഷേപമായി എത്തിയത്. 110 കോടി ഡോളറിന്റെ കുറവാണ് ഉണ്ടായത്. ഫോറിന്‍ കറന്‍സി നോണ്‍റെസിഡന്റ് (എഫ്സിഎന്‍ആര്‍) നിക്ഷേപങ്ങളിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞതാണ് ഇടിവിന് പ്രധാന കാരണം.

ഈ വര്‍ഷം ജൂലായ് അവസാനം വരെയുള്ള കണക്കനുസരിച്ച് പ്രവാസി നിക്ഷേപങ്ങളുടെ മൊത്തം ബാധ്യത 16786 കോടി ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇത് 16832 കോടി ഡോളറായിരുന്നു.

പ്രധാന പ്രവാസി നിക്ഷേപ പദ്ധതികള്‍:

ഫോറിന്‍ കറന്‍സി നോണ്‍റെസിഡന്റ് (എഫ്.സി.എന്‍.ആര്‍) നിക്ഷേപങ്ങള്‍ നോണ്‍ റെസിഡന്റ് എക്സ്റ്റേണല്‍ (എന്‍.ആര്‍.ഇ) നിക്ഷേപങ്ങള്‍ നോണ്‍ റെസിഡന്റ് ഓര്‍ഡിനറി (എന്‍.ആര്‍.ഒ) നിക്ഷേപങ്ങള്‍

എഫ്.സി.എന്‍.ആര്‍ (ബാങ്ക്) നിക്ഷേപം: ഈ വര്‍ഷം ഏപ്രില്‍ജൂലായ് കാലയളവില്‍ എഫ്.സി.എന്‍.ആര്‍ (ബി) അക്കൗണ്ടുകളിലേക്ക് 772 ദശലക്ഷം ഡോളര്‍ മാത്രമാണ് എത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 280 കോടി ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്. ജൂലായ് അവസാനത്തോടെ എഫ്.സി.എന്‍.ആര്‍ (ബി) അക്കൗണ്ടുകളിലെ മൊത്തം ബാദ്ധ്യത 33.58 ബില്യണ്‍ ഡോളറാണ്.

എന്‍.ആര്‍.ഇ നിക്ഷേപം: നോണ്‍റെസിഡന്റ് എക്സ്റ്റേണല്‍ (എന്‍.ആര്‍.ഇ) നിക്ഷേപങ്ങളിലേക്കുള്ള ഒഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.ഏപ്രില്‍ജൂലായ് മാസങ്ങളില്‍ 241 കോടി ഡോളറാണ് എന്‍.ആര്‍.ഇ നിക്ഷേപമായി എത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 178 കോടി ഡോളറായിരുന്നു. ജൂലായില്‍ എന്‍.ആര്‍.ഇ നിക്ഷേപങ്ങളുടെ മൊത്തം ബാദ്ധ്യത 10,202 കോടി ഡോളറാണ്.