റേഷൻ വ്യാപാരി മാർച്ച് നവംബർ ഒന്നിന്
ആലുവ: റീട്ടെയിൽ റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരണമുൾപ്പെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കേരളപ്പിറവി ദിനത്തിൽ (നവംബർ ഒന്ന്) സംസ്ഥാനവ്യാപകമായി താലൂക്ക് സപ്ളൈ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും. സംസ്ഥാന റേഷൻ വ്യാപാരി കൂട്ടായ്മ സംസ്ഥാന ചെയർമാൻ ജോണി നെല്ലൂരാണ് ഇക്കാര്യമറിയിച്ചത്.
വേതന പാക്കേജ് പരിഷ്കരണം ഏഴ് വർഷമായി ആവശ്യപ്പെടുകയാണ്. സർക്കാർ നിയോഗിച്ച മൂന്നംഗ കമ്മിഷന്റെ റിപ്പോർട്ടും നടപ്പാക്കുന്നില്ല. നിരവധി തവണ വാഗ്ദാനം നൽകി കബളിപ്പിച്ചെന്നും ജോണി നെല്ലൂർ പറഞ്ഞു.
ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് കൂട്ടായ്മയെങ്കിലും സി.ഐ.ടി.യു, എ.ഐ.ടി.യു.സി യൂണിയനുകളും സമരത്തിൽ പങ്കെടുക്കും.
നേതാക്കളായ സി. മോഹനൻ പിള്ള, കാടാമ്പുഴ മൂസ, ടി. മുഹമ്മദാലി, കെ.ബി. ബിജു, തൈക്കൽ സത്താർ, ബി. ഉണ്ണികൃഷ്ണപിള്ള, നൗഷാദ് പറക്കാടൻ, എ.എ. റഹീം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.