മാലിന്യതോടായി കനോലി കനാൽ, എങ്ങുമെത്താതെ ടൂറിസം പദ്ധതികളും
പൊന്നാനി: ഒരുകാലത്ത് പൊന്നാനിയുടെ വാണിജ്യ വ്യവസായ രംഗത്ത് വലിയ ചരിത്രം സൃഷ്ടിച്ച കനോലി കനാൽ ഇന്ന് മാലിന്യങ്ങളുടെയും ദുർഗന്ധത്തിന്റെയും കേന്ദ്രമായി. വർഷങ്ങളായി കനാലിലേക്ക് യാതൊരു നിയന്ത്രണവുമില്ലാതെയാണ് മാലിന്യം തള്ളുന്നത്. കനാലിന്റെ ശോചനീയാവസ്ഥ ഇരുവശങ്ങളിലും താമസിക്കുന്ന ജനങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങളാൽ നിറഞ്ഞ നിലയിലാണ് കനാൽ. മഴക്കാലത്ത് ഈ മാലിന്യങ്ങൾ കനാലിലൂടെ ഒഴുകി കടലിലേക്കെത്തുന്നതുവഴി തീരപ്രദേശങ്ങളിലും പരിസ്ഥിതി പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും. കനാലിലെ ദുർഗന്ധം സമീപവാസികൾക്ക് അസഹനീയമായിട്ടുണ്ട്. കൊതുകുകളുടെ പെരുപ്പവും ജലജന്യ രോഗങ്ങളുടെ സാദ്ധ്യതയും കൂടി.കുടിവെള്ള സ്രോതസുകളിലേക്കുപോലും മലിന ജലം പരന്നൊഴുകുന്ന അവസ്ഥയുണ്ട്.
കനാൽ നവീകരിച്ചു ടൂറിസം പദ്ധതികൾ വിപുലമാക്കുമെന്നും സോളാർ ബോട്ട് സർവീസ് വരുമെന്നും പറഞ്ഞിരുന്നെങ്കിലും എവിടെയും എത്തിയിട്ടില്ല. ടൂറിസം രംഗത്ത് അതിവേഗം വളരുന്ന പൊന്നാനിക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്ന പദ്ധതിയാണിത്.
പ്രഖ്യാപനം മാത്രം, നടക്കുന്നില്ല
മാലിന്യനിയന്ത്രണസംവിധാനത്തിന് കൃത്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. പലപ്പോഴായി ആഴം കൂട്ടിയും ശുചീകരണം നടത്തിയും നടത്തുന്ന പ്രഹസനങ്ങൾ മാത്രമാണ് ഇവിടെ ആകെ നടക്കുന്നത്.
പൊന്നാനി അഴിമുഖം മുതൽ ജില്ലാ അതിർത്തിയായ അണ്ടത്തോട് വരെയുള്ള 11 കിലോമീറ്ററിൽ ഒന്നരമീറ്റർ ആഴം കൂട്ടുകയും കൈയേറ്റങ്ങൾ കണ്ടെത്തി വീതി കൂട്ടുകയും ചെയ്യുന്ന പദ്ധതിയാണ് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു.
ആഴം കൂട്ടി കുഴിച്ചെടുത്ത മണ്ണ് കനാലിന്റെ സമീപത്തായി ഇരുകരകളിലും കൂട്ടിയിട്ടു. മഴ എത്തിയതോടെ മണ്ണ് വീണ്ടും കനാലിലേക്ക് തിരിച്ചിറങ്ങി.
പലയിടത്തും താഴ്ന്ന് നിൽക്കുന്ന പാലങ്ങൾ , പദ്ധതിയുടെ ഭാഗമായി പുതുക്കിപ്പണിയാനും ലക്ഷ്യമിട്ടിരുന്നെങ്കിലും നടന്നില്ല.
അണ്ടത്തോട് മുതൽ കനോലി കനാൽ വഴിയുള്ള ബോട്ട് സർവീസ് ഭാരതപ്പുഴ വഴി നിളയോര പാതയിലേക്കും നീട്ടാനായിരുന്നെങ്കിൽ കൂടുതൽ സഞ്ചാരികളെ പൊന്നാനിയിലേക്ക് ആകർഷിക്കാനാവുമായിരുന്നു.