പ്രാദേശിക നേതാക്കൾക്ക് അതൃപ്തി; മൂന്ന് ടേമിൽ ഇളവുമായി ലീഗ്
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ മൂന്ന് ടേം വ്യവസ്ഥയിൽ ഇളവ് നൽകി മുസ്‌ലിം ലീഗിന്റെ തീരുമാനം. ഇതു സംബന്ധിച്ച നിർദ്ദേശം ജില്ലാ കമ്മിറ്റികൾക്ക് നൽകിയിട്ടുണ്ട്. പ്രാദേശിക തലങ്ങളിലെ പ്രധാന നേതാക്കളുടെ കടുത്ത അതൃപ്തിയെ തുടർന്നാണ് മൂന്ന് ടേം വ്യവസ്ഥയിൽ ഇത്തവണ ഇളവ് കൊണ്ടുവന്നതെന്നാണ് സൂചന. പാർട്ടി സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങളെ ഇതു സ്വാധീനിച്ചേക്കാമെന്ന വിലയിരുത്തലും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്. മൂന്ന് ടേം പൂർത്തിയായത് കൊണ്ട് കഴിഞ്ഞ തവണ മാറിനിന്ന പ്രധാന നേതാക്കൾക്ക് ഇതോടെ വീണ്ടും മത്സരിക്കാൻ അവസരം ലഭിക്കും.
പാർട്ടിയുടെ വിജയത്തിനും പ്രാദേശിക സമവാക്യങ്ങൾക്കും അനിവാര്യമെങ്കിൽ പ്രധാന നേതാക്കൾക്ക് വാർഡ് കമ്മിറ്റി, പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികളുടെയും നിയോജക മണ്ഡലം കമ്മിറ്റികളുടെയും ഏകകണ്ഠമായ ശുപാർശകളുടെ അടിസ്ഥാനത്തിൽ പ്രത്യേക പരിഗണന നൽകാമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർക്ക് ലീഗ് നേതൃത്വം കത്ത് നൽകിയിരുന്നു. പ്രത്യേക പരിഗണന നൽകുമ്പോൾ ഇതുസംബന്ധിച്ച എല്ലാ നിബന്ധനകളും കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ലാ കമ്മിറ്റി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതൃപ്തി നീങ്ങും
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലാണ് മൂന്ന് ടേം വ്യവസ്ഥ നടപ്പിലാക്കിയത്. തുടർച്ചയായി മത്സരിക്കുന്നത് മൂലം പുതുമുഖങ്ങൾക്ക് അവസരം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടേം വ്യവസ്ഥ നടപ്പിലാക്കിയത്. ഇതുമൂലം സീറ്റ് നഷ്ടപ്പെട്ട നേതാക്കൾക്ക് തീരുമാനത്തോട് വലിയ അതൃപ്തി ഉണ്ടായിരുന്നെങ്കിലും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഉറച്ച തീരുമാനത്തിൽ പ്രതിഷേധങ്ങൾ താത്ക്കാലികയായി ഇല്ലാതായി.
വനിതകൾ പാർലമെന്ററി ബോർഡിൽ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതലത്തിലും മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിലും രൂപീകരിച്ച പാർലമെന്ററി ബോർഡുകളിൽ വനിതകളെ ഉൾപ്പെടുത്താൻ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മലപ്പുറം ജില്ലാതല പാർലമെന്ററി ബോർഡിലേക്ക് വനിതാ ലീഗ് നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സുഹറ മമ്പാടിനെ തിരഞ്ഞെടുത്തു.