അരങ്ങൊഴിയാത്ത ഓർമ്മകളിൽ കഥാവെളിച്ചമായി കടയ്ക്കോട്

Thursday 23 October 2025 12:29 AM IST

എഴുകോൺ: ജനകീയ കഥാപ്രാസംഗികരിൽ മുൻനിരക്കാരനായിരുന്ന പ്രൊഫ. കടയ്ക്കോട് വിശ്വംഭരന്റ ഓർമ്മകൾക്ക് ആറാണ്ട്. ജീവിത വേദിയൊഴിഞ്ഞിട്ടും ആസ്വാദക മനസുകളിൽ ഇന്നും തിരശീല വീഴാത്ത ഓർമ്മകളുടെ കഥാ മാധുര്യമാണ് കടയ്ക്കോട്.

വി.സാംബശിവൻ, കെ.കെ.വാദ്ധ്യാർ, എം.പി.മന്മഥൻ, കെടാമംഗലം സദാനന്ദൻ തുടങ്ങിയ പ്രതിഭാധനർ അരങ്ങ് വാഴുന്ന കാലത്താണ് കടയ്ക്കോട് വിശ്വംഭരന്റെ രംഗപ്രവേശം. സ്വാഭാവിക കഥാഖ്യാന ശൈലിയിലൂടെ വളരെ വേഗത്തിലാണ് അദ്ദേഹം കഥാപ്രസംഗ കലയിൽ തന്റേതായ ഇരിപ്പിടം സൃഷ്ടിച്ചത്.

കഥയുടെ അവതരണ ഭംഗിയും സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ മനോഹര ഗാനങ്ങളും അദ്ദേഹത്തിന്റെ സവിശേഷതയായി.

ഹൃദയഹാരിയായ സാഹിത്യ കൃതികൾ തിരഞ്ഞെടുത്ത് കഥാപ്രസംഗാവിഷ്കാരം നൽകിയത് സ്വീകാര്യത വർദ്ധിപ്പിച്ചു. തകഴിയുടെ ചെമ്മീൻ, ബഷീറിന്റെ ബാല്യകാലസഖി, തിരുനെല്ലൂരിന്റെ റാണി, കുമാരനാശാന്റെ ദുരവസ്ഥ, വള്ളത്തോളിന്റെ മഗ്ദലന മറിയം തുടങ്ങിയവയ്ക്കൊപ്പം ഇതര ഭാഷകളിൽ നിന്നുള്ള ഈടുറ്റ കൃതികളും കണ്ടെത്തി അവതരിപ്പിച്ചു. ഒരു ബംഗാളി നോവലിന് ആദ്യമായി കഥാപ്രസംഗാവിഷ്കാരം നൽകിയതിനുള്ള ബഹുമതിയും വിശ്വംഭരന് സ്വന്തമാണ്. താമസി, ഗണദേവത, ഏഴുചുവടുകൾ തുടങ്ങിയ ബംഗാളി കഥകൾ മലയാളികളുടെ മനം കവർന്നു. ഉത്സവ വേദികൾ ഈ കഥകൾ കേൾക്കാൻ ആവേശപൂർവമാണ് കാത്തിരുന്നത്. ആകാശ കൊട്ടാരം, ഡോക്ടർ ദേവ്, സീലിയായും മുത്തും, നിത്യനഗരം, യുദ്ധവും സമാധാനവും എന്നീ അന്യഭാഷാ കൃതികൾക്കും കടയ്ക്കോട് വിശ്വംഭരൻ സാഹിത്യഭംഗിയും വൈകാരികതയും ചോരാതെ ആവിഷ്കാരം നൽകി.

മഹാഭാരതത്തിലെയും ബൈബിളിലെയും കഥകൾ പൗരാണിക പ്രൗഢി ചോരാതെ അയത്നലളിതമായാണ് അവതരിപ്പിച്ചിരുന്നത്. സംസ്കൃത ഭാഷയിൽ അഗാധ ജ്ഞാനം ഉണ്ടായിരുന്നു.

ഭാഷാദ്ധ്യാപകനും വ്യാകരണ പണ്ഡിതനുമായിരുന്ന അദ്ദേഹം മഹാകാവ്യങ്ങൾ വിവർത്തനം നടത്തിയതിലൂടെയും ശ്രദ്ധേയനായി. കഥാ പ്രസംഗവും കഥാപ്രസംഗകരും എന്ന അദ്ദേഹത്തിന്റെ പുസ്തകം കേരളത്തിലെ കാഥികരെ സംബന്ധിച്ചുള്ള ആധികാരിക ഗ്രന്ഥം കൂടിയാണ്. ഇരുമ്പനങ്ങാട് എ.ഇ.പി എം.എച്ച്.എസിലെ മലയാളം അദ്ധ്യാപകനായിരുന്ന കടയ്ക്കോട് വിശ്വംഭരൻ മികച്ച അദ്ധ്യാപകനുള്ള പുരസ്കാരം നേടിയിരുന്നു. കർമ്മ മണ്ഡലങ്ങളിൽ സജീവമായിരിക്കെ എൺപത്തിയഞ്ചാം വയസിലാണ് മരണം ആ കലാകാരനെ കവർന്നത്.