അന്താരാഷ്‌ട്ര കോൺഫറൻസിന് പുറമണ്ണൂർ മജ്‌ലിസിൽ 24ന് തുടക്കമാകും

Thursday 23 October 2025 12:46 AM IST

വളാഞ്ചേരി: മുൻ കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ സ്മരണാർത്ഥം ഒമാൻ അൽ ഗുബ്ര ഇന്ത്യൻ സ്‌കൂൾ പുറമണ്ണൂർ മജ്‌ലിസ് കോളേജുമായി സഹകരിച്ച് നടത്തുന്ന അന്താരാഷ്ട്ര കോൺഫറൻസിന് പുറമണ്ണൂർ മജ്‌ലിസ് കോളേജിൽ 24ന് തുടക്കമാകും. ആറ് രാജ്യങ്ങളിൽ നിന്നായി 400ലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. ഉദ്ഘാടനം 25ന് വൈകിട്ട് 3.30ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. പലസ്തീന്റെ ഇന്ത്യയിലെ അംബാസിഡർ അബ്ദുള്ള അബു ഷാവേഷ് മുഖ്യാതിഥിയാകും.

വിദ്യാർത്ഥികൾ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളായി പങ്കെടുക്കുന്ന സമ്മേളനങ്ങളിൽ നയതന്ത്ര ചർച്ചകളും ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും സംവാദ വിധേയമാകും.സമ്മേളനത്തിന്റെ ഭാഗമായി ഇ. അഹമ്മദിന്റെ ജീവിതത്തിലെ നിർണായക സംഭവങ്ങളുടെ ചിത്രങ്ങൾ സംയോജിപ്പിച്ചുള്ള ചിത്രപ്രദർശനവും കോളേജിൽ ഒരുക്കും. വാർത്താസമ്മേളനത്തിൽ സംഘാടകരായ സി.പി.ഹംസ ഹാജി, സലിം കുരുവമ്പലം, ഡോ. കെ.കെ.മുഹമ്മദ് കുട്ടി, എൻ.നൗഷാദ്, ഡോ. ജിതീഷ് കുമാർ, മല്ലിക അരിവാല, പി.റഫീഖ് പങ്കെടുത്തു.