ആലത്തിയൂർ ഹനുമാൻകാവിൽ ദ്രവ്യകലശത്തിന് തുടക്കമായി
തിരൂർ: ആലത്തിയൂർ ഹനുമാൻ കാവിലെ ഈ വർഷത്തെ തിരുവോണ മഹോത്സവത്തോട് അനുബന്ധിച്ചുള്ള ദ്രവ്യകലശത്തിന് തുടക്കമായി. ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നടന്ന ആചാര്യവരണത്തോടു കൂടിയാണ് ദ്രവ്യകലശത്തിന് തുടക്കമായത്. ആചാര്യ വരണത്തിനുശേഷം മുളയിടൽ, പ്രസാദശുദ്ധി, രക്ഷോഘ്നഹോമം,വാസ്തുഹോമം, അസ്ത്ര കലശപൂജ,വാസ്തു കലശ പൂജ, വാസ്തുബലി, വാസ്തു കലശാഭിഷേകം, അത്താഴപൂജ , കുണ്ഡശുദ്ധി എന്നിവയും ദ്രവ്യകലശത്തിന്റെ ഭാഗമായി നടന്നു. ദ്രവ്യ കലശം രണ്ടാം ദിവസമായ ഇന്ന് വിവിധ പൂജകൾ നടക്കും. ദ്രവ്യ കലശ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കൽപ്പുഴ ശങ്കരൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. പ്രത്യേക മേളത്തിന് വിശ്വനാഥൻ മാരാർ തൃപ്രങ്ങോട് നേതൃത്വം നൽകി. ആറുദിവസം നീണ്ടുനിൽക്കുന്ന ദ്രവ്യ കലശ ചടങ്ങുകൾ 27ന് സമാപിക്കും. 28 മുതലാണ് തിരുവോണ മഹോത്സവം ആരംഭിക്കുന്നത്. ദർശനത്തിന് എത്തുന്ന ഭക്തർക്ക് പ്രഭാതഭക്ഷണം ദേവസ്വം നൽകിപോരുന്നുണ്ട്. 27 മുതൽ മുതൽ പ്രസാദ് ഊട്ടും ഉണ്ടായിരിക്കുമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. പരമേശ്വരൻ അറിയിച്ചു.