6 ലക്ഷത്തിന് 40 ലക്ഷം പലിശ; വ്യാപാരി ജീവനൊടുക്കി

Thursday 23 October 2025 1:17 AM IST

ഗുരുവായൂർ: ആറ് ലക്ഷം രൂപ വട്ടിക്കെടുത്ത ഗുരുവായൂരിലെ കച്ചവടക്കാരൻ മുസ്തഫ ഒന്നര വർഷത്തിനിടെ കൊടുത്ത പലിശ 40 ലക്ഷം രൂപ. പലിശ കൊടുക്കാൻ പലരിൽ നിന്നും കടംവാങ്ങി ബാദ്ധ്യത അങ്ങനെയും വളർന്നു.

പലിശത്തീയതി ഒരുദിവസം മാറിയാൽ കുടുംബത്തോടെ കൊല്ലുമെന്ന് കടയിൽ കയറി ഭീഷണി. 20 ലക്ഷം മതിപ്പുവിലയുള്ള വസ്തു അഞ്ചു ലക്ഷത്തിന് എഴുതിവാങ്ങി. പൊലീസിനെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. എല്ലാ വഴിയുമടഞ്ഞ പാവം കുറിപ്പെഴുതിവച്ച് ജീവനൊടുക്കി.

ഗുരുവായൂർ കർണാംകോട് ബസാർ മേക്കാംതാനത്ത് മുസ്തഫയാണ് (48) രണ്ടാഴ്ച മുമ്പ് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട്, ബ്ളേഡ് പലിശയ്ക്ക് പണം കൊടുക്കുന്ന പ്രഹ്‌ളേഷ്, വിവേക് എന്നിവർക്കതെിരെ കേസെടുത്തതായി ഗുരുവായൂർ പൊലീസ് അറിയിച്ചു.

ഗുരുവായൂരിൽ ചെറിയൊരു ഫാൻസി കടയും ചായക്കടയുമായിരുന്നു മുസ്തഫയ്ക്ക്. കട നടത്താനാണ് കടം വാങ്ങിയത്. ഭാര്യയുടെ പേരിലുള്ള ചെക്ക് ലീഫുകളാണ് ബ്ളേഡുകാർക്ക് നൽകിയിരുന്നത്. ഇത് മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടുപോയി ദുരുപയോഗം ചെയ്യുമെന്നും കേസിൽ കുടുക്കുമെന്നും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതൊക്കെ കാണിച്ച് പൊലീസിൽ പരാതി നൽകിയിട്ടും കൊള്ളപ്പലിശക്കാർക്കെതിരെ നടപടിയെടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മുസ്തഫയുടെ ഭാര്യ സൗദത്ത്. മക്കൾ ഷിയാസ്, തസ്നിം.

മരണമടഞ്ഞയാളുടെ ബന്ധുക്കളിൽ നിന്ന് പരാതി ലഭിച്ചാൽ വിശദമായ അന്വേഷണം നടത്തും

എൻ.കെ.അക്ബർ എം.എൽ.എ