ശബരീശ ദർശനം കിട്ടിയ ആദ്യ വനിതാ രാഷ്ട്രപതി
പത്തനംതിട്ട: ശബരിമലയിൽ എത്തിയ രണ്ടാമത്തെ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു. ആദ്യ വനിതാ രാഷ്ട്രപതിയും. 1973ൽ രാഷ്ട്രപതിയായിരുന്ന വി.വി. ഗിരി ശബരിമല ദർശനം നടത്തിയിരുന്നു.
ഇന്നലെ രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്ടറിൽ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലിറങ്ങിയ ദ്രൗപദി മുർമു കാർ മാർഗമാണ് പമ്പയിലെത്തിയത്. പ്രമാടത്ത് മന്ത്രി വി.എൻ. വാസവൻ, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ കെ.യു. ജനീഷ്‌കുമാർ, പ്രമോദ് നാരായൺ, ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, ജില്ലാ പൊലീസ് ചീഫ് ആർ. ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പമ്പയിൽ കെട്ടുനിറച്ച് ഗൂർഖാ ജീപ്പിൽ സന്നിധാനത്തെത്തി.
വി.വി.ഗിരി ഇടപെട്ടു
50 ഏക്കർ അനുവദിച്ചു
1962ൽ ഗവർണറായിരിക്കുമ്പോഴും വി.വി.ഗിരി ശബരിമല ദർശനം നടത്തിയിരുന്നു. അന്ന് ചാലക്കയം വരെയാണ് വാഹനസൗകര്യം ഉണ്ടായിരുന്നത്. അവിടെനിന്ന് നടന്നാണ് പമ്പയിലും സന്നിധാനത്തും എത്തിയത്. ദർശനത്തിനു ശേഷം രാജ്ഭവനിൽ മടങ്ങിയെത്തിയ ഗിരി കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് 50 ഏക്കർ സ്ഥലം അനുവദിച്ചിപ്പിരുന്നു. തുടർന്നാണ് ചാലക്കയം - പമ്പ റോഡ് ദേവസ്വംബോർഡ് നിർമ്മിച്ചത്. 1973ൽ ചൂരൽക്കസേരയിലിരുത്തി ചുമന്നാണ് ഗിരിയെ സന്നിധാനത്ത് എത്തിച്ചത്. ഇതിനുപിന്നാലെയാണ് ഡോളി നിലവിൽവന്നത്.
രാഷ്ട്രപതിക്ക് ഉപഹാരമായി അയ്യപ്പശിൽപം
പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ദേവസ്വം മന്ത്രി വി. എൻ.വാസവൻ ഉപഹാരമായി നൽകിയത് അയ്യപ്പ ശിൽപം. തിരുവനന്തപുരം കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലെ ശിൽപി ഹേമന്ത് കുമാറാണ് രൂപകൽപന ചെയ്തത്. . നാല് മാസം കൊണ്ടാണ് കുമ്പിൾ മരത്തിന്റെ ഒറ്റത്തടിയിൽ ഹേമന്ത് ശിൽപം നിർമ്മിച്ചത്.