മിന്നൽ വേഗത്തിൽ സുരക്ഷാ സന്നാഹം
തിരുവനന്തപുരം: രാഷ്ട്രപതിയുടെ ശബരിമല ദർശനത്തിനുള്ള യാത്രയിൽ ഹെലികോപ്ടർ ഇറക്കാനുള്ള കേന്ദ്രം മാറിയതോടെ സുരക്ഷാവിഭാഗം മിന്നൽ വേഗത്തിൽ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കി.നിലയ്ക്കൽ-പമ്പ 30കിലോമീറ്ററിലൊരുക്കിയ സുരക്ഷാസന്നാഹങ്ങൾ പൊടുന്നനേ പ്രമാടത്തു നിന്നുള്ള 70കിലോമീറ്ററിലേക്ക് നീട്ടേണ്ടിവന്നു. 1500പൊലീസുകാരെ നിയോഗിച്ചു. വാഹനവ്യൂഹത്തിന്റെ റൂട്ട് തയ്യാറാക്കി.
നിലയ്ക്കലിലേക്ക് ഇന്നലെ രാവിലെ 9.35നാണ് ഹെലികോപ്ടറിൽപോവാനിരുന്നത്. പിന്നീടത് രാവിലെ എട്ടിനും ഏഴരയ്ക്കുമാക്കി. കനത്ത മഴയാണെങ്കിൽ രാവിലെ ആറിന് റോഡ് മാർഗം തിരുവനന്തപുരത്ത് നിന്ന് ശബരിമലയിലേക്ക് പോവാനും രാഷ്ട്രപതി സന്നദ്ധതയറിയിച്ചിരുന്നു. പ്രതികൂല
കാലാവസ്ഥയിലും പഴുതടച്ച സുരക്ഷാസന്നാഹമൊരുക്കാനായി. പമ്പയിൽ നിന്ന് ദുർഘട പാതയിലൂടെ പ്രത്യേക വാഹനത്തിൽ രാഷ്ട്രപതിയെ സന്നിധാനത്തെത്തിക്കാനും കഴിഞ്ഞെന്ന് പൊലീസ് അവകാശപ്പെട്ടു. മുതിർന്ന ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ടായിരുന്നു.
രാഷ്ട്രപതിയുടെ സുരക്ഷയ്ക്ക് കരസേനയുടെ പ്രസിഡന്റ്സ് ബോഡിഗാർഡ്സുണ്ടെങ്കിലും യാത്രയിലും പരിപാടികളിലുമെല്ലാം സുരക്ഷയൊരുക്കേണ്ടത് പൊലീസാണ്. രാഷ്ട്രപതി എപ്പോൾ, എവിടെ പോവണമെന്ന് അന്തിമമായി നിശ്ചയിക്കുന്നത് ബോഡിഗാർഡ്സാണ്. എന്നാൽ പ്രധാനമന്ത്രിയുടെ സുരക്ഷ പൂർണമായി എസ്.പി.ജിക്കാണ്. പൊലീസിന് രണ്ടാംനിര സുരക്ഷാവലയമൊരുക്കുന്ന ചുമതലയേ ഉള്ളൂ.