റോഡിൽ മരം വീണു, രാഷ്ട്രപതിയുടെ മടക്കയാത്ര വൈകി
പത്തനംതിട്ട : ശബരിമലദർശനത്തിന് ശേഷം രാഷ്ട്രപതിയുടെ മടക്കയാത്രയ്ക്ക് തൊട്ടുമുമ്പ് പമ്പയിൽ റോഡിലേക്ക് മരം കടപുഴകി വീണു. ഇതോടെ യാത്ര അൽപം വൈകി.പമ്പാ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ ഉച്ചഭക്ഷണം കഴിഞ്ഞുള്ള വിശ്രമത്തിനുശേഷം മടക്കയാത്രയ്ക്ക് രാഷ്ട്രപതി തയ്യാറെടുക്കുമ്പോൾ ഉച്ചയ്ക്ക് 2.15നാണ് പമ്പാ കെ.എസ്.ആർ.ആർ.സി സ്റ്റാൻഡിന് സമീപം മുപ്പതടി നീളമുള്ള മരം നിലംപൊത്തിയത്.
ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ അറിയിച്ചതോടെ ഫയർഫോഴ്സെത്തി അഞ്ചുമിനിറ്റിനുള്ളിൽ മരം മുറിച്ചുനീക്കി.
നിലയ്ക്കൽ മുതൽ സന്നിധാനം വരെ റോഡരികിലുള്ള അപകടകരമായ മരങ്ങൾ സുരക്ഷയുടെ ഭാഗമായി ഒരാഴ്ച മുമ്പേ മുറിച്ചുനീക്കിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്തമഴ കാരണമാണ് അപ്രതീക്ഷിതമായി മരം വീണതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ജില്ലാ ഫയർ ഓഫീസർ വി.സി വിശ്വനാഥ്,സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ 18 പേരടങ്ങിയ സംഘമാണ് മരം മുറിച്ചു നീക്കിയത്.