ബ്ളേഡുകാർ വാഴുന്നു; നോക്കിനിന്ന് സർക്കാർ

Thursday 23 October 2025 1:34 AM IST

തിരുവനന്തപുരം: 20 ശതമാനം പലിശയ്ക്ക് കടമെടുത്ത മുസ്തഫ ബ്ളേഡുകാരുടെ ഇരകളിൽ ഒരാൾ മാത്രം. കൊള്ളപ്പലിശക്കാർ അടക്കിവാഴുന്ന സംസ്ഥാനത്ത് നൂറുകണിക്കിനു പേർ ഇതുപൊലെ വഴിമുട്ടി നിൽക്കുന്നു. മൂന്നുവർഷം അകത്തിടാൻ വകുപ്പുള്ളപ്പോഴാണ് സർക്കാർ കണ്ണടയ്ക്കുന്നത്. പൊലീസ് ഒത്താശ ചെയ്യുന്നത്.

ഓപ്പറേഷൻ കുബേരയെന്ന പേരിൽ തുടർ റെയ്ഡുകളിലൂടെ പൊലീസ് നേരത്തേ ബ്ലേഡുകാരെ ഒതുക്കിയതാണ്. റെയ്ഡ് നിലച്ചതോടെ വീണ്ടും വിളയാട്ടമായി.

വാണിജ്യ ബാങ്കുകളെക്കാൾ പരമാവധി രണ്ടുശതമാനം പലിശയേ സ്വകാര്യ പണമിടപാടുകാർ വാങ്ങാവൂവെന്നാണ് നിയമം. ഈടുനൽകിയ സ്വത്തുക്കൾ കൈവശപ്പെടുത്താനും പാടില്ല. ലൈസൻസില്ലാതെ പണമിടപാട്, അമിതപലിശ, വായ്പാത്തുക കൂട്ടി വ്യാജ രേഖയുണ്ടാക്കൽ, രസീതില്ലാത്ത പണമിടപാട് എന്നിവയും കുറ്റകരം. വായ്പക്കാരെ പീഡിപ്പിക്കുന്നതിന് തടവു ശിക്ഷകിട്ടാം. എന്നിട്ടും ബ്ലേഡുകാരെ അകത്താക്കുന്നില്ല.

ചെറുകിട സംരംഭകരും കർഷകരും വീട്ടമ്മമാരും പ്രവാസികളുമെല്ലാം ബ്ലേഡ് മാഫിയയുടെ ഇരകളാണ്. പൊലീസിൽ പരാതിപ്പെട്ടാലും കേസെടുക്കില്ല. സിവിൽതർക്കമെന്നുപറഞ്ഞ് അന്വേഷിക്കാതിരിക്കും. ബ്ളേഡുകാരിൽ നിന്ന് മാസപ്പടി പറ്റുന്ന പൊലീസുകാരുമുണ്ട്. ഇത്തരക്കാർ പരാതിക്കാരെ വിരട്ടിവിടും.

വീടിന്റെയും വസ്തുവിന്റെയും ആധാരവും വാഹനരേഖയും ബ്ളാങ്ക് ചെക്കും ഈടുവാങ്ങും. പലിശമുടങ്ങിയാൽ അത് മുതലിനോട് കൂട്ടിച്ചേർക്കും. അങ്ങനെ കടം പലമടങ്ങായി പെരുകും. സ്വത്തുക്കളെല്ലാം ബ്ലേഡുകാരുടെ കൈക്കലാവുമ്പോൾ അരമുഴം കയറിൽ ജീവിതം അവസാനിപ്പിക്കുന്നു.

ക്രൈംബ്രാഞ്ച് എവിടെ ?

ബ്ലേഡുകാരെ ഒതുക്കാൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയെങ്കിലും തുടർനടപടികളില്ല. കേസെടുത്ത് അകത്താക്കാനായിരുന്നു നിർദ്ദേശം. റെയ്ഡുകൾക്കും അധികാരപ്പെടുത്തി. ഒന്നും നടന്നില്ല. ഇതിനായി അനുവദിച്ച 9 വാഹനങ്ങൾ മറ്റാവശ്യങ്ങൾക്ക് മാറ്റി.

കഴുത്തറുപ്പ് പലവിധം

മീറ്റർപലിശ

ഒരുലക്ഷത്തിന് 90,000 നൽകും.10 ദിവസത്തെ പലിശ 10,000 രൂപ

റോൾ പലിശ

1000രൂപയ്ക്ക് 300രൂപ ആദ്യമേപിടിക്കും. പലിശ തോന്നിയപോലെ

ദിവസപ്പലിശ

1000 രൂപ കച്ചവടക്കാർക്ക് രാവിലെ നൽകും. വൈകിട്ട് 1300 തിരിച്ചുകൊടുക്കണം

വട്ടിപ്പലിശ

കച്ചവടക്കാർക്ക് തമിഴന്മാരുടെ ദിവസപ്പലിശ. 5000ന് 7000 തിരിച്ചു നൽകണം

ബ്ലേഡിന്റെ ചില

ഇരകൾ

1 മകളുടെ വിവാഹത്തിന് വാങ്ങിയ 3 ലക്ഷത്തിന് 10ലക്ഷം പലിശ നൽകി. 20ലക്ഷം കൂടി ആവശ്യപ്പെട്ടതോടെ പാലക്കാട്ടെ കർഷകൻ വേലുക്കുട്ടി ട്രെയിനിനു മുന്നിൽ ജീവനൊടുക്കി

2 മകനെ വിദേശത്തയയ്ക്കാൻ വാങ്ങിയ 4 ലക്ഷത്തിന് 3 മാസം പലിശ മുടങ്ങി. 15ലക്ഷം വാങ്ങിയെന്ന് വ്യാജരേഖയുണ്ടാക്കിയതോടെ വീട്ടമ്മയായ സരസ്വതി കുളത്തിൽ ജീവനൊടുക്കി

3 വായ്പയെടുത്ത 12 ലക്ഷത്തിന് 40 ലക്ഷം തിരികെക്കൊടുത്തിട്ടും ശല്യം തുടർന്നതോടെ കഠിനംകുളത്ത് മൂന്നംഗകുടുംബം ജീവനൊടുക്കി