ശബരിമല സ്വർണക്കൊള്ള....... ഉപ്പു തിന്നവർ വെള്ളം കുടിക്കും: വെള്ളാപ്പള്ളി
ചേർത്തല: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണക്കൊള്ള പുറത്തു കൊണ്ടുവന്നത് ഹൈക്കോടതിയാണ്. പ്രതിപക്ഷത്തിനോ മറ്റു കക്ഷികൾക്കോ ഇതിൽ ഒരു പങ്കുമില്ല. കോടതി ശക്തമായ ഇടപെടൽ നടത്തുമ്പോൾ നിഴൽ യുദ്ധം നടത്തേണ്ട കാര്യമില്ല. വിഷയത്തിൽ സർക്കാർ കർശന നടപടിയാണ് സ്വീകരിക്കുന്നത്.
ഇപ്പാേഴുള്ളവരായാലും മുമ്പുള്ളവരായാലും സ്വർണം മോഷ്ടിച്ചവർ പിടിക്കപ്പെടണം. ധാർമ്മികതയുടെ പേരുപറഞ്ഞ് ദേവസ്വം മന്ത്രിക്ക് പണിവയ്ക്കാൻ നോക്കേണ്ട. പ്രതിപക്ഷത്തിന് വേറെ പണിയില്ലാത്തതിനാലാണ് ശബരിമലയും കൊണ്ടുനടക്കുന്നത്.
ക്ഷേത്ര ഭരണസമിതികൾ രാഷ്ട്രീയ അഭയാർത്ഥികളുടെ താവളമായി മാറുന്നത് ഒഴിവാക്കണം. എല്ലാ ദേവസ്വം ബോർഡുകളിലും അഴിമതിയുണ്ട്. ഇവ പരിച്ചുവിട്ട് ഭരണ നിർവഹണത്തിനായി ഐ.എ.എസുകാരെ സെക്രട്ടറിയായി നിയമിച്ച് ബോർഡിന്റെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
'സി.പി.ഐക്ക് നല്ലത്
മൗനം വിദ്വാന് ഭൂഷണം'
പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് കേന്ദ്ര പദ്ധതിയാണിതെന്നും കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ വേണമെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ആദ്യം എതിർക്കുകയും പിന്നീട് അംഗീകരിക്കുകയും ചെയ്യുന്ന പാർട്ടിയാണ് സി.പി.ഐ. മൗനം വിദ്വാന് ഭൂഷണം അതാണ് സി.പി.ഐക്ക് നല്ലത്. പ്രായോഗികമല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ഇടതു സർക്കാരിന്റെ ശക്തി കുറയ്ക്കരുത്. ദേശീയ വിദ്യാഭ്യാസ നയം മറ്റു മിക്ക സംസ്ഥാനങ്ങളും നടപ്പാക്കുമ്പോൾ കേരളം മാത്രം എന്തിന് മാറി നിൽക്കണം. സിവിൽ സപ്ലൈസ് വകുപ്പിന്റെ പ്രവർത്തനം ശരിയായ രീതിയിലല്ല. കോൺഗ്രസ് മുസ്ലിം ലീഗിന്റെ അടിമകളായെന്നും വെള്ളാപ്പള്ളി പറഞ്ഞു.