മാലിന്യം പടിക്കുപുറത്ത്, പൂരങ്ങളുടെ നാട്, ഇനി പൂവാടികളുടെയും

Thursday 23 October 2025 1:38 AM IST

തൃശൂർ: മാലിന്യം തള്ളി കടന്നുകളഞ്ഞവർ പോലും ഇപ്പോഴാ സ്ഥലങ്ങളിലെത്തുമ്പോൾ ഒന്നുനിൽക്കും. കണ്ണ് തുറന്നുകാണും.

മൂക്കുപൊത്തി പോയവർ സുഗന്ധം ആസ്വദിക്കും. കുറ്റിമുല്ലയും ചെമ്പകവും ജമന്തിയും പത്തുമണിപ്പൂവും തുമ്പയും തുളസിയും പൂത്തുലഞ്ഞ് നിൽക്കുന്നു. 55 ഡിവിഷനിലായി, മാലിന്യം നിറഞ്ഞ ഇടങ്ങളിൽ പൂത്തുതളിർത്തത് 153 പൂവാടികൾ. പൂരങ്ങളുടെ മാത്രമല്ല,​ തൃശൂർ പൂവാടികളുടെ നാട് കൂടിയാകുകയാണ്.

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലീൻ സിറ്റി പദ്ധതിയുടെ ഭാഗമായാണ് കോർപ്പറേഷൻ പൂവാടി പദ്ധതി ഒരുക്കിയത്. ഓരോ ഡിവിഷനിലും രണ്ട് പൂവാടികൾ വീതം. ചെലവ് 5.6 കോടി രൂപ. ഓരോ ഡിവിഷനും 65 ലക്ഷം രൂപ വീതം ചെലവഴിക്കും. ഓരോ ഡിവിഷനിലും നാല് കുടുംബശ്രീ അംഗങ്ങളെ പൂവാടികളുടെ പരിപാലനത്തിനായി നിയോഗിച്ചിട്ടുണ്ട്. പ്രതിദിനം 710 രൂപയാണ് കൂലി.

കളക്ടറേറ്റിനു ചുറ്റുവട്ടം

റെയിൽവേ സ്റ്റേഷനടുത്ത് കൊക്കാലെ, അയ്യന്തോൾ കളക്ടറേറ്റിന് ചുറ്റുവട്ടം, ചെമ്പൂക്കാവ് മൃഗശാലയ്ക്ക് സമീപം, പട്ടാളം റോഡിൽ പോസ്റ്റ് ഓഫീസിന് സമീപം, വടക്കേ ബസ് സ്റ്റാൻഡ് പരിസരം, പാലസ് മൈതാനത്തിന് സമീപം എന്നിങ്ങനെ നഗരത്തിന്റെ കുപ്പത്തൊട്ടികളായിരുന്ന പ്രദേശങ്ങളെല്ലാം ഇപ്പോൾ പൂവാടികളാണ്. ചെമ്പൂക്കാവ് മൃഗശാലയ്ക്ക് സമീപം 2000 ചതുരശ്ര അടി വിസ്തീർണത്തിൽ അതിമനോഹരമായ പൂന്തോട്ടമാണ് ഒരുക്കിയിരിക്കുന്നത്.

പൂവാടികൾ സൃഷ്ടിച്ച് ജിയോടാഗ് ചെയ്തത് കൂടാതെ ഓരോ ഡിവിഷനിലും രണ്ട് റോഡെങ്കിലും ക്ലീൻ സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരിക്കുന്നുണ്ട്.

അജിത്ത് മാനേജർ, ക്ലീൻ സിറ്റി പദ്ധതി.