കേസ് തീർപ്പാക്കാനുള്ള 40 ലക്ഷം തിരിമറി ചെയ്തു; അഭിഭാഷകയ്ക്കെതിരെ അന്വേഷണം
കൊച്ചി: കുടുംബക്കോടതിയിലെ കേസ് ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി ഭാര്യയ്‌ക്ക് കൈമാറാൻ ഏൽപ്പിച്ച 40 ലക്ഷം രൂപ അഭിഭാഷക ദുരുപയോഗം ചെയ്തെന്ന പരാതിയിൽ തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. കുടുംബക്കോടതിയിൽ ഹാജരായ യു. സുലൈഖയ്ക്കെതിരെ നെടുമങ്ങാട് സ്വദേശി ഹാഷിം നൽകിയ ഹർജിയിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഇടക്കാല ഉത്തരവ്. നെടുമങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ചാണു ഹർജി.
അഭിഭാഷക നിർദ്ദേശിച്ചതുപ്രകാരം അവരുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്കാണ് 40 ലക്ഷം രൂപ അയച്ചതെന്ന് ഹർജിക്കാരൻ അറിയിച്ചു. ഹൈക്കോടതിയിൽ ഇത് ശരിവച്ച അഭിഭാഷക, തുക ഭർത്താവ് ബിസിനസ് ആവശ്യത്തിന് വകമാറ്റിയെന്നു സമ്മതിച്ചു. 11.2 ലക്ഷം രൂപ ഹർജിക്കാരന് പിന്നീട് തിരിച്ചുനൽകിയിരുന്നു. ബാക്കി 28. 8 ലക്ഷം രൂപ 10 ദിവസത്തിനകം നൽകുമെന്നും ഉറപ്പുനൽകി. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും ബാക്കി തുക കൈമാറിയില്ല. തുടർന്നാണു അഭിഭാഷകയ്‌ക്കും ഭർത്താവിനുമെതിരെ വിശദമായ അന്വേഷണത്തിനും ആവശ്യമെങ്കിൽ അറസ്റ്റിനും കോടതി ഉത്തരവിട്ടത്. ഹർജി നവംബർ ആദ്യം വീണ്ടും പരിഗണിക്കും.