നവകേരള വികസനം: ധവളപത്രവുമായി ഊരാളുങ്കൽ
തിരുവനന്തപുരം: നവകേരള വികസന സുസ്ഥിര നിർമ്മാണത്തിനു ദിശാബോധം പകരുന്ന ധവളപത്രം ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സുസ്ഥിര നിർമ്മാണം, കാലാവസ്ഥ- ദുരന്ത പ്രതിരോധ
ശേഷി, സാമൂഹികോത്തരവാദിത്വം എന്നിവയിൽ ഊന്നിയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മാർഗ്ഗരേഖ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൈമാറിയത്.
സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് കൺസ്ട്രക്ഷൻ സംഘടിപ്പിച്ച ‘യു.എൽ അന്താരാഷ്ട്ര സുസ്ഥിരനിർമ്മാണ കോൺക്ലേവിൽ’ ഉയർന്നുവന്ന ആശയങ്ങളാണ്
ധവളപത്രമാക്കിയത്. കിഫ്ബി, ഐ.ഐ.ടി മദ്രാസ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചു സംഘടിപിച്ച കോൺക്ലേവിൽ വിവിധ രംഗത്തെ ആഗോള വിദഗ്ദ്ധർ, വ്യവസായപ്രതിനിധികൾ, നയനിർമ്മാതാക്കൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു.യു.എൽ.സി.സി.എസ് എം.ഡി എസ്.ഷാജു, ഐ.ഐ.ഐ.സി ഡയറക്ടർ പ്രൊഫ.ബി.സുനിൽ കുമാർ, ഡെപ്യൂട്ടി ഡയറക്ടർ കെ.രാഘവൻ, ജിക്കോസ് സി.ഇ.ഒ ജോസഫ് മാർട്ടിൻ, യു.എൽ.സി.സി.എസ് ചീഫ് ജനറൽ മാനേജർ റോഹൻ പ്രഭാകർ, ടി.ബിജോയ് എന്നിവരും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഫോട്ടോ:
ഊരാളുങ്കൽ സൊസൈറ്റിയുടെ ധവളപത്രം മുഖ്യമന്ത്രി പിണറായി വിജയന് ചെയർമാൻ രമേശൻ പാലേരി കൈമാറുന്നു.