സ്വർണപ്പാളി അന്വേഷണം ഗൂഢാലോചനയിലേക്കും, ദേവസ്വം മിനിട്ട്സ് പിടിച്ചെടുത്തു
തിരുവനന്തപുരം: ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ശബരിമല സ്വർണക്കൊള്ളയിലെ ഗൂഢാലോചനയിലേക്കു കൂടി അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. പിന്നിൽ പ്രവർത്തിച്ചവരുടെ വിവരങ്ങളടക്കം കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ശേഖരിച്ചു തുടങ്ങി. ദേവസ്വത്തിലെ ഉന്നതർക്കടക്കം ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് സൂചന.
സ്വർണപ്പാളി പോറ്റിക്ക് നൽകാൻ തീരുമാനിച്ച ദേവസ്വം യോഗങ്ങളുടെ മിനിട്ട്സ് ബുക്ക് അന്വേഷണ സംഘം പിടിച്ചെടുത്തു. രേഖകൾ കൈമാറുന്നതിൽ ബോർഡിന് വൈമുഖ്യമുണ്ടെന്നും നിരവധി തവണ ആവശ്യപ്പെടുമ്പോഴാണ് നൽകുന്നതെന്നും അന്വേഷണ സംഘം പറയുന്നു. അതേസമയം, സ്വർണപ്പാളികൾ ചെമ്പാണെന്ന് വ്യാജരേഖ ചമച്ച അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും ഉടൻ പിടികൂടും. ബോർഡംഗങ്ങളുടെ പങ്ക് ഇയാളിൽ നിന്ന് അറിയാനാവുമെന്നാണ് പ്രതീക്ഷ.
പ്രത്യേക കേസെടുക്കും
സ്വർണക്കൊള്ളയ്ക്ക് പിന്നിലെ ഗൂഢാലോചനയ്ക്ക് പ്രത്യേക കേസെടുക്കും. ദേവസ്വം ബോർഡംഗങ്ങളും ഉന്നത ജീവനക്കാരും മറ്റാർക്കോ വേണ്ടി പ്രവർത്തിച്ചെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. കവർച്ച മറയ്ക്കാൻ ഇപ്പോഴത്തെ ബോർഡും ശ്രമിച്ചെന്ന് കോടതി വ്യക്തമാക്കിയതോടെ സ്വർണം നഷ്ടമായതിന്റെ ഉത്തരവാദികളെ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ഇനിയുള്ള ദൗത്യം.
പോറ്റിയുമായി
തെളിവെടുക്കും
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. മുപ്പതുവരെയാണ് പോറ്റിയുടെ കസ്റ്റഡി കാലാവധി. ഇയാളുടെ വീട്ടിലെ പരിശോധന തുടരുന്നുണ്ട്. രണ്ട് ലക്ഷം രൂപയും സ്വർണ്ണനാണയങ്ങളുമടക്കം പിടിച്ചെടുത്തെന്നാണ് സൂചന. പോറ്റിയെ വരും ദിവസങ്ങളിൽ തെളിവെടുപ്പിനായി ശബരിമലയിലെത്തിക്കും.