മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ആശമാരുടെ മാർച്ച്, ജലപീരങ്കിയും അറസ്റ്റും
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 256 ദിവസമായി രാപ്പകൽ സമരം തുടരുന്ന ആശാ വർക്കർമാർ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച് .
മുഖ്യമന്ത്രിയെ കാണാതെ മടങ്ങില്ലെന്ന് വാശിപിടിച്ച ആശമാർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 11 മണിയോടെ പി.എം.ജിയിൽ നിന്നാരംഭിച്ച മാർച്ച് നന്തൻകോട് ജംഗ്ഷന് സമീപം പൊലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു.
വൻ ജാഥയായി എത്തിയ ആശമാർ മുദ്രാവാക്യം വിളികളോടെ ബാരിക്കേഡിനു മുകളിൽ കയറി ബാനർ ഉയർത്തി. സമരക്കാരെ പിന്തിരിപ്പിക്കാനായി നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സർക്കാരിന്റെ നെറികേടിനെതിരെയുള്ള സമരമാണിതെന്ന് പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് അസോ. പ്രസിഡന്റ് വി.കെ സദാനന്ദൻ പറഞ്ഞു. ബാരിക്കേഡ് കടക്കാൻ ശ്രമിച്ച അസോ. നേതാക്കളായ എം.എ ബിന്ദു, എസ്. മിനി ഉൾപ്പെടെ പത്തോളം പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് നന്ദാവനം പൊലീസ് ക്യാമ്പിലേക്ക് മാറ്റി. സമരക്കാർക്ക് പിന്തുണയുമായെത്തിയ സി.പി ജോൺ ഉൾപ്പെടെയുള്ള നേതാക്കളെയും പൊലീസ് സമരസ്ഥലത്തു നിന്ന് മാറ്റി.
സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസ് പരിസരത്ത് ആറര മണിക്കൂറോളം സംഘർഷാവസ്ഥ നിലനിന്നു. ' വൈകിട്ടോടെ ആശമാരെ അറസ്‌റ്റ് ചെയ്‌ത് മാറ്റാൻ കൂടുതൽ വനിതാ പൊലീസിനെ എത്തിച്ചെങ്കിലും ആശമാർ പിരിഞ്ഞുപോകാൻ തയാറായില്ല. മുഖ്യമന്ത്രി ഇടപെട്ട് ഉചിതമായ തീരുമാനം എടുത്താൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലായിരുന്നു അവർ.
വൈകിട്ട് ആറു മണിയോടെ മുഖ്യമന്ത്രിയെ കാണാൻ അനുമതി നൽകാമെന്നും അറസ്‌റ്റ് ചെയ്‌തവരെ ഉടൻ റിലീസ് ചെയ്യാമെന്നുമുള്ള പൊലീസിന്റെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.
ആശ സമരത്തോടുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിൽ എല്ലായിടത്തും ആശമാർ ഇന്ന് പ്രതിഷേധദിനമായി ആചരിക്കുമെന്ന് അസോ. പ്രസിഡന്റ് വി.കെ സദാനന്ദൻ അറിയിച്ചു.