അമേരിക്ക, യൂറോപ്പ്, ചൈന, യു.എ.ഇയ്ക്ക് പിന്നാലെ ലോകശക്തിയാകാൻ ഇന്ത്യ, ലക്ഷ്യം ആഗോള നേട്ടം
കൊച്ചി: തുറമുഖങ്ങൾ, കപ്പൽച്ചാലുകൾ, ജലാശയങ്ങൾ, പുഴകൾ എന്നിവയിലെ ചെളിനീക്കി, ആഴം വർദ്ധിപ്പിച്ച് ജലയാനങ്ങളുടെ ഗതാഗതം സുഗമമാക്കുന്ന ഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഒരുങ്ങി ഇന്ത്യ. ഡ്രഡ്‌ജിംഗ് ബിസിനസിൽ ലോകത്തെ അഞ്ചാം ശക്തിയാകാൻ പൊതുമേഖലാ കമ്പനിയായ ഡ്രഡ്‌ജിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (ഡി.സി.ഐ) പദ്ധതികൾ തയ്യാറാക്കി.
കൊച്ചി കപ്പൽശാല നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രഡ്‌ജറായ ഗോദാവരി കഴിഞ്ഞ ദിവസം ഡി.സി.ഐ ഏറ്റുവാങ്ങി. 12,000 ക്യുബിക് മീറ്റർ ആഴത്തിൽ വരെ ഡ്രെഡ്‌ജിംഗിന് ശേഷിയുള്ളതാണ് ഗോദാവരി. രണ്ട് ഡ്രഡ്‌ജറുകൾ കൂടി കൊച്ചിയിൽ നിർമ്മിക്കും.
അമേരിക്ക, യൂറോപ്പ്, ചൈന, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളാണ് ഡ്രഡ്‌ജിംഗിലെ വമ്പന്മാർ. നിലവിൽ ആഗോളതലത്തിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ. മൂന്നുവർഷത്തിനകം അഞ്ചാം സ്ഥാനമാണ് ലക്ഷ്യമിടുന്നത്.
7,500 കിലോമീറ്റർ ഇന്ത്യൻ തീരത്തിന് പുറമെ, വിദേശങ്ങളിലും ഡ്രഡ്‌ജിംഗ് കരാറുകൾ ഡി.സി.ഐ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. 13 ഡ്രഡ്‌ജറുകളും അനുബന്ധ സംവിധാനങ്ങളും നിലവിലുണ്ട്. ഗോദാവരി ഉൾപ്പെടെ മൂന്നു ഡ്രഡ്‌ജറുകൾ കൂടി ചേരുന്നതോടെ വൻവളർച്ചയാണ് ലക്ഷ്യമിടുന്നത്. മൂലധനം വർദ്ധിപ്പിക്കാൻ 500 കോടി രൂപയുടെ പബ്ളിക് ഇഷ്യൂവിനും നടപടി ആരംഭിച്ചു.
സാദ്ധ്യത അനന്തം
തുറമുഖങ്ങളുടെ വികസനം, പുതിയ തുറമുഖങ്ങളുടെ നിർമ്മാണം, കപ്പൽ ഗതാഗതത്തിലെ വളർച്ച, ഉൾനാടൻ ജലപാതകളുടെ നിർമ്മാണവും വികസനവും, സാഗരമാല പദ്ധതി തുടങ്ങിയവ വൻസാദ്ധ്യതകളാണ് തുറക്കുക. കപ്പൽച്ചാലുകളുടെ ആഴവും വീതിയും കൂട്ടൽ, അനുബന്ധ നിർമ്മാണങ്ങൾ, കൺസൾട്ടൻസി മേഖലകളിൽ വൻവളർച്ച എന്നിവ കൈവരിക്കാൻ കഴിയുമെന്ന് ഡി.സി.ഐ വൃത്തങ്ങൾ പറഞ്ഞു.
1976ൽ സ്ഥാപിതമായ കോർപ്പറേഷനിലെ കേന്ദ്ര സർക്കാർ ഓഹരികൾ 2019ൽ വിശാഖപട്ടണം, ജവഹർലാൽ, പാരദ്വീപ് പോർട്ട് ട്രസ്റ്റുകൾക്ക് കൈമാറി കമ്പനിയാക്കി. വിശാഖപട്ടണം ആസ്ഥാനമായ ഡി.സി.ഐയുടെ ദക്ഷിണമേഖലാ ഓഫീസും പ്രൊജക്ട് ഓഫീസും കൊച്ചിയിൽ പ്രവർത്തിക്കുന്നു.
ഇന്ത്യൻ ഡ്രഡ്‌ജിംഗ് വിപണി
2024ൽ 314.3 ദശലക്ഷം ഡോളർ
2035 ലക്ഷ്യം 621.9 ദശലക്ഷം ഡോളർ
ഡി.സി.ഐ വിഹിതം 80 %
കൊച്ചിയിലെ സേവനങ്ങൾ
കൊച്ചി തുറമുഖത്തെയും കപ്പൽ ചാലിലെയും ആഴം വർദ്ധിപ്പിക്കൽ നാവികസേനാ ചാനലിലെ ആഴം വർദ്ധിപ്പിക്കൽ കൊച്ചി കപ്പൽശാല ചാനലിലെ ആഴം വർദ്ധിപ്പിക്കൽ
''കപ്പൽച്ചാലുകളിലെ ആഴം കൂട്ടൽ മുതൽ അണക്കെട്ടുകളിലെയും പുഴകളിലെയും മണൽ നീക്കം ചെയ്യൽ വരെ വിപുലമായ സാദ്ധ്യതകൾ കോർപ്പറേഷൻ വിനിയോഗിക്കും.""
ഡോ.എം. അംഗമുത്തു
ചെയർമാൻ, ഡി.സി.ഐ