അനീഷിന്റെ കുടുംബത്തിന്റേത് മാനവികതയുടെ മാതൃക: മുഖ്യമന്ത്രി
Thursday 23 October 2025 2:00 AM IST
തിരുവനന്തപുരം: ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അനീഷ് എ.ആറിന്റെ വിയോഗ വേദനയിലും അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത കാണിച്ച കുടുംബം മാനവികതയുടെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലെ മുഖ്യമന്ത്രിയുടെ കുറിപ്പ് ഇങ്ങനെ:
ശബരിമല ദർശനത്തിനിടെ ശാരീരിക ബുദ്ധിമുട്ടുണ്ടായ അനീഷ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസറായിരുന്നു. അനീഷിന്റെ ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്തതിലൂടെ എട്ടുപേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്. അനീഷിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.