നിയമസഭാ ആക്രമണ കേസ്: സഭയിൽ തെളിവ് എടുക്കണമെന്ന് പൊലീസ്

Thursday 23 October 2025 2:05 AM IST

തിരുവനന്തപുരം: നിയമസഭാ ആക്രമണ കേസിൽ അന്നത്തെ എംഎൽഎ ഗീതാഗോപിയുടെ പരാതിയിൽ സഭയ്ക്കുള്ളിൽ തെളിവെടുക്കണമെന്ന് സ്പീക്കറോട് പൊലീസ് ആവശ്യപ്പെട്ടു. നിയമസഭയുടെ പ്രിവിലലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റി ഇന്നലെ അപേക്ഷ പരിഗണിച്ചെങ്കിലും തീരുമാനമെടുക്കുന്നത് നീട്ടിവച്ചു.

അജൻഡ ഇന്നലെ രാവിലെയാണ് കമ്മിറ്റിയംഗങ്ങൾക്ക് നൽകിയത്. പഠിക്കാൻ സമയമില്ലാത്തതിനാൽ വിഷയം മാറ്റിവയ്ക്കണമെന്ന് സമിതിയിലെ പ്രതിപക്ഷ അംഗങ്ങളായ റോജി എം. ജോണും യു.എ. ലത്തീഫും ആവശ്യപ്പെട്ടു. ഭരണകക്ഷിയിലെ ചില അംഗങ്ങളും അതൃപ്തിയറിയിച്ചു. അതോടെയാണ് നിയമസഭയിൽ തെളിവെടുപ്പിനായി പൊലീസിനെ കയറ്റണോ എന്ന തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റിയത്. ഇക്കാര്യത്തിൽ നിയമോപദേശം തേടണമെന്നും ആവശ്യമുയർന്നു.

2015 മാർച്ചിൽ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബഡ്ജറ്റ് അവതരണം തടസപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയമസഭയിൽ സംഘർഷമുണ്ടായത്. ഇതിനിടെ അന്നത്തെ പ്രതിപക്ഷ വനിതാ അംഗങ്ങളെ കോൺഗ്രസ് എംഎൽഎമാർ ആക്രമിച്ചെന്ന പരാതിയിലും കേസെടുത്തു. ഇതിലൊരു കേസ് കോടതി സ്റ്റേ ചെയ്തു. ഗീതാ ഗോപി ക്രൈംബ്രാഞ്ചിനു നൽകിയ പരാതിയിലാണ് 10 വർഷത്തിനു ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചത്.