ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിനെ തിരുവനന്തപുരത്തെത്തിച്ചു, കസ്റ്റഡിയിലെടുത്തത് ഇന്നലെ രാത്രി

Thursday 23 October 2025 7:27 AM IST

തിരുവനന്തപുരം: സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ തിരുവനന്തപുരത്തെത്തിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെ പെരുന്നയിലെ വീട്ടിൽവച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

വിശദമായി ചോദ്യം ചെയ്യാൻ വേണ്ടിയാണ് മുരാരി ബാബുവിനെ തിരുവനന്തപുരത്തെത്തിച്ചത്. കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമിരുത്തിയായിരിക്കും ചോദ്യം ചെയ്യൽ. ശേഷം പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി കോന്നിയിലെ കോടതിയിൽ ഹാജരാക്കും.

ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി കടത്തിയ കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. ഇയാൾ ആർക്കുവേണ്ടിയാണ് പ്രവർത്തിച്ചതെന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. കൂടാതെ തൊണ്ടിമുതൽ കണ്ടെത്തുകയും വേണം. മുരാരി ബാബുവിനെ ചോദ്യം ചെയ്താൽ നിർണായക വിവരം ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.

നിലവിൽ ഡെപ്യൂട്ടി കമ്മിഷണറും മുൻപ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ ദേവസ്വം ബോർഡ് നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. സ്വർണംപൂശിയിരുന്ന ദ്വാരപാലക ശിൽപങ്ങളിൽ ചെമ്പ് തകിടെന്ന് മഹസറിൽ രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു. ഇതിനെത്തുടർന്നാണ് മുരാരി ബാബുവിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്.

എന്നാൽ സംഭവത്തിൽ വീഴ്‌ച പറ്റിയിട്ടില്ലെന്നും ചെമ്പ് തെളിഞ്ഞതുകൊണ്ടാണ് വീണ്ടും സ്വർണം പൂശാൻ നൽകിയതെന്നുമായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണെന്നും പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിൽ ഉള്ള ഉദ്യോഗസ്ഥരാണെന്നും മുരാരി ബാബു വിശദീകരിച്ചിരുന്നു.