രാഷ്‌ട്രപതി ഇന്ന് കോട്ടയത്ത്; സുരക്ഷയൊരുക്കുന്നത് ആയിരത്തോളം പൊലീസുകാർ, ഗതാഗത നിയന്ത്രണമുണ്ടാകും
കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് വൈകിട്ട് കോട്ടയത്ത് എത്തും. പാലാ സെന്റ് തോമസ് കോളേജിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ യാത്ര തിരിക്കുന്ന രാഷ്ട്രപതി 3.50 ന് പാലായിൽ ഇറങ്ങും. വൈകിട്ട് നാലിന് സെന്റ് തോമസ് കോളേജിലെ ബിഷപ്പ് വയലിൽ ഹാളിലാണ് സമ്മേളനം.
രാഷ്ട്രപതിയ്‌ക്കൊപ്പം, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. 800 പേർ പങ്കെടുക്കുന്ന പരിപാടിയിൽ നാനൂറ് പേർ വിദ്യാർത്ഥികളാണ്. 50 മിനിറ്റ് നീളുന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം ഹെലികോപ്ടറിൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഇറങ്ങും. തുടർന്ന് ലോഗോസ് ജങ്ഷൻ, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പ് റോഡ്, സീയേഴ്സ് ജംഗ്ഷൻ, ബേക്കർ ജംഗ്ഷൻ വഴി കുമരകത്തേക്ക് കാർ മാർഗമാണ് യാത്ര.
പാലാ, കുമരകം ഭാഗങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണവും ഉണ്ടാകും. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ മുഴുവൻ ഡിവൈഎസ്പിമാരും എസ്എച്ച്ഒമാരും ആയിരത്തോളം പൊലീസുകാരുമാണ് രാഷ്ട്രപതിക്ക് സുരക്ഷ ഒരുക്കുന്നത്. പലതവണ ട്രയൽ റൺ പൂർത്തിയാക്കി. കോട്ടയത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിലും നഗരങ്ങളിലും കനത്ത പൊലീസ് സന്നാഹമാണ്. പാലായിലേക്കും തിരികെയുമുള്ള യാത്ര നിലവിൽ ആകാശമാർഗമാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിലും കാലാവസ്ഥ പ്രതികൂലമായാൽ റോഡ് മാർഗം ആശ്രയിക്കേണ്ടി വരുമെന്നതിനാൽ ഇതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏറ്റുമാനൂർ വഴി പാലായിലേക്കുള്ള വഴി പൂർണമായും പൊലീസ് നിയന്ത്രണത്തിലാകും. ഇടറോഡുകളിലും പട്രോളിംഗ് ശക്തമാക്കും. കുമരകത്ത് കേന്ദ്ര സേനയടക്കം ക്യാമ്പ് ചെയ്യുന്നുണ്ട്.
കുമരകം താജ് ഹോട്ടലിൽ താമസിക്കുന്ന രാഷ്ട്രപതിയ്ക്കും സംഘത്തിനുമായി വൈകിട്ട് കേരളത്തിന്റെ തനതുകലാ രൂപങ്ങൾ പ്രദർശിപ്പിക്കും. അത്താഴത്തിനായി കേരളീയ വിഭവങ്ങൾ ഉൾപ്പെടെ വിപുലമായ വിഭവങ്ങൾ ഒരുക്കും. നാളെ രാവിലെ കാലാവസ്ഥ ഉൾപ്പെടെ അനുയോജ്യമെങ്കിൽ കായൽ സവാരിക്ക് സാദ്ധ്യതയുണ്ട്. രാവിലെ പത്ത് മണിയോടെ കാർ മാർഗം കോട്ടയത്തേയ്ക്കു മടങ്ങി ഹെലികോപ്ടറിൽ കൊച്ചിയിലേയ്ക്കു പോകും.