ശബരിമല സ്വർണക്കൊള്ള കേസ്; മുരാരി ബാബുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

Thursday 23 October 2025 8:45 AM IST

തിരുവനന്തപുരം: സ്വർണക്കൊള്ള കേസിൽ ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായി. ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എസ് പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു മുരാരി ബാബുവിനെ ചോദ്യം ചെയ്തത്.

കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമിരുത്തിയാണോ ചോദ്യം ചെയ്തതെന്ന് വ്യക്തമല്ല. മുരാരി ബാബുവിന്റെ ഭാര്യ അടക്കമുള്ളവർ ക്രൈംബ്രാഞ്ച് ഓഫീസിലുണ്ട്. ഉന്നത ഉദ്യോഗസ്ഥരോട് ചർച്ച ചെയ്ത ശേഷമായിരിക്കും മുരാരി ബാബുവിനെ ഇന്ന് അറസ്റ്റ് ചെയ്യുമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. അറസ്റ്റ് ചെയ്താൽ കോന്നിയിലെ കോടതിയിൽ ഹാജരാക്കും. ഇല്ലെങ്കിൽ അടുത്ത ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകി വിട്ടയച്ചേക്കും.

ഇന്നലെ രാത്രി പത്ത് മണിയോടെ പെരുന്നയിലെ വീട്ടിൽവച്ചാണ് മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി കടത്തിയ കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. സ്വർണംപൂശിയിരുന്ന ദ്വാരപാലക ശിൽപങ്ങളിൽ ചെമ്പ് തകിടെന്ന് മഹസറിൽ രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു. ഇതിനെത്തുടർന്ന് മുരാരി ബാബുവിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു.