സ്വർണക്കൊള്ള കേസ്; ശബരിമല  മുൻ  അഡ്മിനിസ്‌ട്രേറ്റീവ്  ഓഫീസർ  മുരാരി  ബാബു  അറസ്റ്റിൽ

Thursday 23 October 2025 9:41 AM IST

തിരുവനന്തപുരം: സ്വർണക്കൊള്ള കേസിൽ ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റിൽ. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി കടത്തിയ കേസിൽ രണ്ടാം പ്രതിയാണ് ഇയാൾ. ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എസ് പി ശശിധരന്റെ നേതൃത്വത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. ഇന്നലെ രാത്രി പെരുന്നയിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

സ്വർണം പൂശിയിരുന്ന ദ്വാരപാലക ശിൽപങ്ങളിൽ ചെമ്പ് തകിടെന്ന് മഹസറിൽ രേഖപ്പെടുത്തിയത് നിലവിൽ ഡെപ്യൂട്ടി കമ്മിഷണറായ മുരാരി ബാബുവായിരുന്നു. ഇതിനെത്തുടർന്ന് മുരാരി ബാബുവിനെ ജോലിയിൽ നിന്ന് ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്‌തിരുന്നു.

എന്നാൽ സംഭവത്തിൽ വീഴ്‌ച പറ്റിയിട്ടില്ലെന്നും ചെമ്പ് തെളിഞ്ഞതുകൊണ്ടാണ് വീണ്ടും സ്വർണം പൂശാൻ നൽകിയതെന്നുമായിരുന്നു മുരാരി ബാബു പറഞ്ഞത്. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണെന്നും പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിൽ ഉള്ള ഉദ്യോഗസ്ഥരാണെന്നും മുരാരി ബാബു വിശദീകരിച്ചിരുന്നു. സ്വർണക്കൊള്ളക്കേസിലെ രണ്ടാമത്തെ അറസ്റ്റ് ആണിത്. നേരത്തെ സ്‌പോൺസർ ഉണ്ണികൃഷ്‌ണൻ പോറ്റി അറസ്റ്റിലായിരുന്നു.