യുഎഇ ഗോൾഡൻ വിസ ലഭിച്ച മലയാളി; ദീപാവലി  ആഘോഷങ്ങൾക്കിടെ ദുബായിൽ 18കാരൻ കുഴഞ്ഞുവീണ് മരിച്ചു

Thursday 23 October 2025 10:25 AM IST

ദുബായ്: ദീപാവലി ആഘോഷങ്ങൾക്കിടെ ദുബായിൽ മലയാളി വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. ബിബിഎ മാർക്കറ്റിംഗ് ഒന്നാം വർഷ വിദ്യാർത്ഥിയും മാവേലിക്കര സ്വദേശിയുമായ വെെഷ്‌ണവ് കൃഷ്ണകുമാ‌ർ (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ദുബായിലെ ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വി ജി കൃഷ്ണകുമാർ - വിധു കൃഷ്ണകുമാർ ദമ്പതികളുടെ മകനാണ്. സഹോദരി വൃഷ്ടി കൃഷ്ണകുമാർ. 20 വർഷമായി വെെഷ്‌ണവിന്റെ കുടുംബം യുഎഇയിലാണ് താമസിക്കുന്നത്.

മരണകാരണം സംബന്ധിച്ച് ഫോറൻസിക് പരിശോധന നടക്കുകയാണ്. നേരത്തെ ജെംസ് ഔ‌ർ ഓൺ ഇന്ത്യൻ സ്കൂളിലെ ഹെഡ് ഓഫ് സ്കൂൾ കൗൺസിൽ ആയിരുന്നു വെെഷ്ണവ്. കൂടാതെ മോഡൽ യുണെെറ്റഡ് നേഷൻസ് ക്ലബ്ബിന്റെയും ഡിബേറ്റിംഗ് സൊസെെറ്റിയുടെയും പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. ഇതേ സ്കൂളിലെ അദ്ധ്യാപികയാണ് വെെഷ്ണവിന്റെ മാതാവ്. 2024ലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ 97.4 ശതമാനം മാർക്ക് നേടി എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. മാർക്കറ്റിംഗ്, എന്റർപ്രണർഷിപ്പ് വിഷയങ്ങളിൽ നൂറിൽ നൂറ് മാർക്ക് നേടി. ഈ നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് വെെഷ്‌ണവിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചത്.

വിദ്യാഭ്യാസത്തിന് പുറമെ സാമ്പത്തിക ഉപദേശങ്ങൾ,​ ലെെഫ്‌സ്റ്റെൽ മോട്ടിവേഷൻ,​ വ്യായാമം എന്നിവ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വെെഷ്ണവ് സജീവമായിരുന്നു. ഒട്ടേറെ കമ്പനികളിൽ ഇന്റേൺഷിപ്പുകൾ പൂർത്തിയാക്കിയ വെെഷ്ണവിന് സംരംഭകനാകാനായിരുന്നു ആഗ്രഹം. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.