തുടക്കത്തിൽ പതറി ഇന്ത്യ, പൂജ്യത്തിൽ പുറത്തായി കൊ‌ഹ്‌ലി, ഗില്ലും വീണു

Thursday 23 October 2025 10:33 AM IST

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ പ്രഹരം. ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ രണ്ട് നിർണായക വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ക്യാപ്ടൻ ശുഭ്മാൻ ഗിൽ ഒമ്പത് പന്തിൽ ഒമ്പത് റൺസും സ്റ്റാർ ബാറ്റർ വിരാട് കൊ‌ഹ്‌ലി (0) എന്നിവരാണ് കൂടാരം കയറിയത്. ഓസ്‌ട്രേലിയൻ പേസർ സേവ്യർ ബാർട്ട്‌ലെറ്റിന്റെ തകർപ്പൻ സ്പെല്ലാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. മത്സരത്തിന്റെ ഏഴാം ഓവറിലായിരുന്നു ബാർട്ട്‌ലെറ്റ് ഇരുവരെയും മടക്കിയത്. ഗില്ലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.

തൊട്ടുപിന്നാലെ എത്തിയ വിരാട് കൊ‌ഹ്‌ലിക്ക് നാല് പന്തുകൾ മാത്രമാണ് പിടിച്ചുനിൽക്കാനായത്. വിക്കറ്റിന് മുന്നിൽ കുരുങ്ങിയ കൊഹ്ലി റൺസൊന്നും അടിക്കാതെയാണ് മടങ്ങിയത്. പരമ്പരയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കൊഹ്ലി ഡക്കായത്.

നിലവിൽ 19 ഓവർ പൂർത്തിയാകുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ക്രീസിൽ നിലവിൽ രോഹിത് ശർമയും ( 70പന്തിൽ45 ), ശ്രേയസ്സ് അയ്യരുമാണ് (32). ഇരുവരുടെയും ബാറ്റിംഗ് പ്രകടനം ഇന്ത്യയ്ക്ക് നിർണ്ണായകമാകും.

മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലെ അതേ പ്ലെയിംഗ് ഇലവനുമായിട്ടാണ് ഇന്ത്യ രണ്ടാം മത്സരത്തിലും ഇറങ്ങിയത്. എന്നാൽ, ഓസീസ് ടീമിൽ മൂന്ന് മാറ്റങ്ങളുണ്ട്. അലക്‌‍സ് ക്യാരി, സേവ്യർ ബാർട്ട്ലെറ്റ്, ആദം സാംപ എന്നിവർ ടീമിൽ ഇടം നേടിയപ്പോൾ ജോഷ് ഫിലിപ്പ്, നഥാൻ എല്ലിസ്, മാത്യു കുഹ്‌നെമെൻ എന്നിവർ പുറത്തായി.