5,000 രൂപ വായ്പയെടുത്ത് തുടങ്ങിയ സംരംഭം; ഇന്ന് ആസ്തി 400 കോടി, ഇന്ത്യയിലുണ്ട് ആരും അറിയാത്ത ഒരു 'അംബാനി'

Thursday 23 October 2025 11:39 AM IST

ഒരു ബിസിനസ് ആരംഭിക്കുക എന്നത് ചെറിയ കാര്യമല്ല. പല വെല്ലുവിളികളും നേരിട്ട് അതിൽ വിജയം കണ്ടെത്തുക എന്നതാണ് പ്രധാനം. അത്തരത്തിൽ കടം വാങ്ങിയ 5,000 രൂപകൊണ്ട് ഒരു വലിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഹിതേഷ് ചിമൻലാൽ ദോഷിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടിണ്ടോ?​

വാരി എനർജീസ് മാനേജിംഗ് ഡയറക്ടറാണ് ഇദ്ദേഹം. മഹാരാഷ്ട്രയിലെ തുങ്കി എന്ന ചെറിയ ഗ്രാമത്തിൽ ജനിച്ച ഹിതേഷിന്റെ സ്വപ്നങ്ങൾ ഗ്രാമത്തേക്കാൾ വലുതായിരുന്നു,​ ഒരു ബന്ധുവിൽ നിന്ന് 5,​000 രൂപ കടം വാങ്ങിയാണ് ഹിതേഷ് തന്റെ ബിസിനസ് എന്ന സ്വപ്നത്തിലേക്കുള്ള യാത്ര തുടങ്ങിയത്. ചെറിയ പലചരക്ക് കട നടത്തിയിരുന്ന ആളാണ് ഹിതേഷിന്റെ പിതാവ്.

1985ൽ കടം വാങ്ങിയ 5,​000 രൂപയുമായി അദ്ദേഹം എന‌ർജീ സെക്റ്ററിലേക്ക് കടന്നു. തുടക്കത്തിൽ തെർമൽ ഉപകരണങ്ങളുടെ വ്യാപാരമാണ് നടത്തിയത്. 2007ൽ ജർമ്മനിയിൽ നടന്ന ഒരു വ്യാപാര പ്രദർശനത്തിൽ സൗരോർജ്ജത്തിന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞശേഷം അദ്ദേഹം സൗരോർജത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

പിന്നാലെ ഹിതേഷ് തന്റെ പഴയ ബിസിനസ് വിറ്റ് സോളർ സെൽ നിർമ്മാണത്തിലേക്ക് കടന്നു. തന്റെ ഗ്രാമമായ തുങ്കിയിലെ വാരി ക്ഷേത്രത്തിൽ നിന്നാണ് കമ്പനിക്ക് വാരി എനർജീസ് എന്ന പേരിട്ടത്. ഇന്ന് വാരി ഗ്രൂപ്പിന് 12,​000 മെഗാവാട്ട് സോളർ ഉൽപാദന ശേഷിയുണ്ട്. അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ നിന്നാണ് കൂടുതൽ വരുമാനം നേടുന്നത്. 58കാരനായ ഹിതേഷിന്റെ കമ്പനിയുടെ ഇന്നത്തെ ആസ്തി 400 കോടിയാണ്. എന്നാൽ ഇദ്ദേഹത്തെക്കുറിച്ച് ഇന്നും അധികമാർക്കും അറിയില്ല.