സ്വർണവിലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് റബർബാൻഡ് ഇഫക്ട്, ഈ മാസം തീരുംമുമ്പ് മഹാത്ഭുതങ്ങൾ പ്രതീക്ഷിക്കാം?
ന്യൂഡൽഹി: ഒരുലക്ഷം എന്ന മാന്ത്രിക സംഖ്യയിൽ കൈയെത്തിപ്പിടിക്കുംമുമ്പ് സ്വർണവില മൂക്കുകുത്തി താഴെവീണു. അതും ഒന്നൊന്നര വീഴ്ച. ഉടനെങ്ങും ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകില്ലെന്ന തരത്തിലാണ് ഇപ്പോഴത്തെ വില സൂചിക. ഇന്ന് ഒരു പവന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 91,720 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയിലെത്തി. ഒക്ടോബർ 11ന് ശേഷം ആദ്യമായാണ് സ്വർണവില ഇത്രയും താഴുന്നത്. ഇതോടെ രണ്ടുദിവസത്തിനിടെ 5,640 രൂപ സ്വർണവിലയിൽ കുറഞ്ഞു. എങ്കിലും സാധാരണക്കാരന് ഇപ്പോഴും സ്വർണം അപ്രാപ്യമായ നിലയിൽ തന്നെയാണ്. തങ്ങൾക്കും പ്രാപ്യമായ അവസ്ഥയിലേക്ക് വില വരുമോ എന്നാണ് അവർക്ക് അറിയേണ്ടത്. അക്കാര്യത്തെക്കുറിച്ചും സ്വർണവില അനിയന്ത്രിതമായി കൂടാനിടയായ സാഹചര്യത്തെക്കുറിച്ചും പരിശോധിക്കാം.
പ്രധാന കാരണം
ചില സുപ്രധാന ഭൗമ-രാഷ്ട്രീയ സംഘർഷങ്ങളിൽ അയവുവന്നതാണ് സ്വർണവില കൂപ്പുകുത്താൻ ഇടയാക്കിയത്. അമേരിക്കയിലെ ഭരണ പ്രതിസന്ധി, അമേരിക്കയും ചൈനയും തമ്മിലുള്ള തർക്കം എന്നിവ വിലവർദ്ധനവിന് ആക്കംകൂട്ടി.ആഗോള വിപണിയിൽ ഡോളറിന് ക്ഷീണമുണ്ടായതും മറ്റൊരു കാരണമായി. ഇതോടെ സുരക്ഷിത നിക്ഷേപമെന്നനിലയിൽ കൂടുതൽപ്പേരും സ്വർണത്തിന് പിന്നാലെകൂടി. രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളും സ്വർണം വാങ്ങിക്കൂട്ടാൻ മത്സരിച്ചു. ഇതിനൊപ്പം ദീപാവലി പോലുളള ഉത്സവ സീസണുകളും ഇന്ത്യയിൽ വില വർദ്ധനവിനെ സഹായിച്ചു.
ഇപ്പോൾ വരച്ചവരയിൽ
കാര്യങ്ങളെല്ലാം ഇപ്പോൾ ഏറെക്കുറെ സേഫ് എന്നാണ് വിപണി വിദഗ്ദ്ധർ പറയുന്നത്. ഉത്സവസീസണുകൾ അവസാനിച്ചതും യുഎസ്- ചൈന വ്യാപാരക്കരാർ സംബന്ധിച്ച് പോസിറ്റീവ് വാർത്തകളും സ്വർണവിലയെ തളർത്തിയെന്നാണ് അവർ പറയുന്നത്. 'അമിതമായ കുതിച്ചുകയറ്റത്തിനുശേഷം സ്വർണവില കാര്യമായി പിന്നാക്കംപോയ അവസ്ഥയിലാണ് ഇപ്പോൾ. അതിപ്പോൾ ശക്തമായി പിന്നോട്ട് നീങ്ങുകയാണ്'-ബ്രോക്കറേജ് വാന്റേജ് ഗ്ലോബൽ പ്രൈം പ്രൈവറ്റ് ലിമിറ്റഡിലെ വിശകലന വിദഗ്ദ്ധനായ ഹെബെ ചെൻ പറയുന്നു. ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് 'നല്ല ഇടപാട് ഉണ്ടാകും' എന്ന ട്രംപിന്റെ വാക്കുകളും വിപണിയെ സ്വാധീനിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ഇതെല്ലാം മഹാത്ഭുതങ്ങൾ ഈ മാസം പ്രതീക്ഷിക്കാം എന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.
റബർ ബാൻഡ് ഇഫക്ട്
സ്വർണവിലയിലെ കുറവ് റബർ ബാൻഡ് ഇഫക്ട് എന്നാണ് വിദഗ്ദ്ധർ വിശേഷിപ്പിക്കുന്നത്. കൂടാനെടുത്തതിനേക്കാൾ കുറഞ്ഞ സമയംകാെണ്ടുതന്നെ വില കുറയുമെന്നാണ് അവർ സൂചിപ്പിക്കുന്നത്. പഴയ നിലയിലേക്ക് പോയില്ലെങ്കിലും എല്ലാവർക്കും ആശ്വസിക്കാനാവുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തും. എന്നാൽ ഇപ്പോൾ അയവുവന്ന പ്രശ്നങ്ങൾ വീണ്ടും കൊടുമ്പിരിക്കൊള്ളുകയോ അമേരിക്കയിലെ ഭരണപ്രതിന്ധി കടുക്കുകയോ ചെയ്താൽ പഴയതിനെക്കാൾ വേഗത്തിൽ വില തിരിച്ചുകയറിയേക്കാം എന്നും അവർ സൂചിപ്പിക്കുന്നു.