'എന്നെ ഇനിയാരും ആദരിക്കാൻ വിളിക്കരുതേ, മലയാളികളുടെ ആദരം സഹിച്ച് മടുത്തു'; ബലചന്ദ്രൻ ചുള്ളിക്കാട്
തിരുവനന്തപുരം: തന്നെ ഇനി ആരും ആദരിക്കാൻ വിളിക്കരുതെന്ന് കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട്. മലയാളികളുടെ ആദരം താങ്ങാൻ ശേഷിയില്ലെന്നും തന്നെ വെറുതേ വിടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഒരു മാദ്ധ്യമത്തിന് അയച്ച കുറിപ്പിലായിരുന്നു ബാലചന്ദ്രൻ ചുള്ളിക്കാട് ഇക്കാര്യം അറിയിച്ചത്.
'പൊന്നാട, പണക്കിഴി, എല്ലാമുണ്ടാകും. അധികമായാൽ അമൃതും വിഷമെന്നൊരു ചൊല്ലുണ്ട്. ജീവിതകാലം മുഴുവൻ മലയാളികളുടെ ആദരം സഹിച്ച് ഞാൻ മടുത്തു. രണ്ടുവർഷം മുമ്പ് കേരള സാഹിത്യ ആക്കാഡമി എന്നെ വല്ലാതെയൊന്ന് ആദരിച്ചു. തുടർന്ന് സോഷ്യൽ മീഡിയയിലും വമ്പിച്ച ആദരം ഉണ്ടായി. അതോടെ ഞാൻ തീരുമാനിച്ചു. ഇനി മലയാളികളുടെ ആദരം വേണ്ട. എന്തിനും ഒരു പരിധിയില്ലേ. എനിക്ക് വയസായി. മഹാജനത്തിന്റെ നിരന്തരമായ ആദരം താങ്ങാൻ എനിക്കിനി ശേഷിയില്ല. ഞാൻ പൊതുവേദിയിൽ നിന്ന് എന്നേക്കുമായി പിൻവാങ്ങി. ദയവായി എന്നെ വേറുതേ വിടുക. ഭിക്ഷ കിട്ടിയില്ലെങ്കിലും പട്ടികടി കൊള്ളാതിരുന്നാൽ മതി എന്നൊരു ചൊല്ലുകൂടിയുണ്ട്' - ബാലചന്ദ്രൻ ചുള്ളിക്കാട് കുറിച്ചു.
മുമ്പ് തന്റെ കവിത പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് ആവശ്യപ്പെട്ടിരുന്നു. മലയാളത്തിന്റെ പ്രിയകവിയല്ല താൻ. തന്റെ കവിത ആവശ്യമില്ലാതെ വിദ്യാർത്ഥി സമൂഹത്തിനുമേൽ അടിച്ചേൽപ്പിക്കരുതെന്നും പറഞ്ഞുകൊണ്ടാണ് കവിത ഒഴിവാക്കാൻ അദ്ദേഹം സർവകലാശാലകളോടും വിദ്യാഭ്യാസ വകുപ്പിനോടും അഭ്യർത്ഥിച്ചത്.