പെൻഷൻകാർക്ക് സന്തോഷവാർത്ത: തിങ്കളാഴ്ച മുതൽ  പണം അക്കൗണ്ടിലെത്തും

Thursday 23 October 2025 12:52 PM IST

തിരുവനന്തപുരം: ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഈ മാസം 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌.

26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌.ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രെഡിറ്റ്‌ ചെയ്യേണ്ടത്. ഈ സർക്കാർ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി ചെലവിട്ടത്.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശമ്പള, പെൻഷൻ പരിഷ്കരണം, ക്ഷേമ പെൻഷനുകളുടെ വർദ്ധനവ് എന്നിവ സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധനയും കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി നടത്തുന്ന പ്രഖ്യാപനത്തിൽ ഉണ്ടാവാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ സർക്കാർ കേന്ദ്രങ്ങൾ ഇതുസംബന്ധിച്ച് ഒരു സൂചനയും നൽകിയിട്ടില്ല. അധികം വൈകാതെ തന്നെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവാൻ സാദ്ധ്യതയുള്ളതിനാലാണ് നവംബർ ഒന്നിനുതന്നെ ജനപ്രിയ പ്രഖ്യാപനം ഉണ്ടാവുമെന്നുകരുതുന്നത്.