'കേരളത്തിൽ നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസമന്ത്രി വരട്ടെ'; കലുങ്ക് സംവാദത്തിനിടെ ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ് ഗോപി

Thursday 23 October 2025 3:20 PM IST

ഇടുക്കി: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നായിരുന്നു പരിഹാസം. ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസ പരാമ‌ർശം. എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോൾ ഉള്ളത്. അവരൊക്കെ തെറിച്ചുമാറട്ടെ. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു.

വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വേണമെന്ന് നാട്ടുകാർ ആവശ്യം ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. തനിക്കെതിരെ എപ്പോഴും വിമർശനം ഉന്നയിക്കുന്നയാളാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയെന്നും അവരിൽ നിന്ന് ഇംഗ്ലീഷ് മീഡിയം സ്‌കൂളൊന്നും പ്രതീക്ഷിക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. മുമ്പ് പലതവണ മന്ത്രി വി ശിവൻകുട്ടി സുരേഷ് ഗോപിക്കെതിരെ പ്രതികരണവുമായി എത്തിയിരുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പലപ്പോഴും സുരേഷ് ഗോപിക്കെതിരായ പരാമർശങ്ങൾ നടത്തിയിരുന്നത്.

ഇന്നലെ സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞ് നിവേദനം നൽകാൻ ഒരാൾ ശ്രമിച്ചിരുന്നു. കോട്ടയത്ത് വച്ചായിരുന്നു സംഭവം. പള്ളിക്കത്തോട് ബസ്‌സ്റ്റാൻഡ് മൈതാനിയിൽ രാവിലെ കലുങ്ക് സംവാദം പൂർത്തിയാക്കി മടങ്ങിവരുമ്പോഴായിരുന്നു വാഹനം തടഞ്ഞത്. കല്ലാടംപൊയ്ക സ്വദേശി ഷാജിയാണ് വാഹനം തടഞ്ഞെത്.

വാഹനം വരുമ്പോൾ റോഡുവക്കിൽ നിൽക്കുകയായിരുന്ന ഇയാൾ സുരേഷ് ഗോപി ഇരുന്ന ഭാഗത്തേക്ക് ഓടിയടുക്കുകയും തുടർന്ന് മുന്നോട്ടുനീങ്ങി വാഹനം തടയുകയുമായിരുന്നു. കൈയിലിരുന്ന ചില പേപ്പറുകൾ ഉയർത്തിക്കാട്ടി ഇത് സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ ഡോർ തുറക്കാനോ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാനോ സുരഷ് ഗോപി തയ്യാറായില്ല.