'ഐ.എൻ.എസ് മാഹി' നാവികസേനയ്ക്ക് സ്വന്തം
നിർമ്മാണം കൊച്ചിൻ ഷിപ്പ്‌യാർഡ്
കൊച്ചി: തദ്ദേശീയമായി വികസിപ്പിച്ച് അത്യാധുനിക സാങ്കേതികത്തികവോടെ നിർമ്മിച്ച 'ഐ.എൻ.എസ് മാഹി' അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ നാവികസേനയ്ക്ക് കൈമാറി. നാവികസേനയ്‌ക്ക് നിർമ്മിക്കുന്ന എട്ട് അന്തർവാഹിനി പ്രതിരോധ കപ്പലുകളിൽ ആദ്യത്തേതാണ് ഐ.എൻ.എസ് മാഹി.
കപ്പലുകളുടെ രൂപകല്പന, നിർമ്മാണം, പരിപാലനം എന്നിവയിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുന്ന ഡെറ്റ് നോസ്‌കെ വെരിറ്റസ് ഏജൻസിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കപ്പൽ നിർമ്മിച്ചത്. 78 മീറ്റർ നീളമുള്ള മാഹി രാജ്യത്തെ ഏറ്റവും വലിയ ഡീസൽ എൻജിൻ വാട്ടർജെറ്റിൽ പ്രവർത്തിക്കുന്ന പടക്കപ്പലാണ്. മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കും. അത്യാധുനിക അണ്ടർവാട്ടർ സെൻസറുകൾ, വെള്ളത്തിൽനിന്ന് വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോർപ്പിഡോകൾ, റോക്കറ്റുകൾ, മൈനുകൾ വിന്യസിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്. സമുദ്രാന്തർ ഭാഗത്തെ അന്തർവാഹിനി സാന്നിദ്ധ്യം തിരിച്ചറിയുന്നതിനും തിരച്ചിലിനും രക്ഷാദൗത്യങ്ങൾക്കും ഉപകരിക്കും.
കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരതിന് കീഴിൽ 90 ശതമാനവും തദ്ദേശീയമായി രൂപകല്പനചെയ്തു നിർമ്മിക്കുന്നവയാണ് അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകൾ. കൊച്ചിൻ ഷിപ്പ്‌യാർഡിൽ നടന്ന ചടങ്ങിൽ സി.എസ്.എൽ ഡയറക്ടർ (ഓപ്പറേഷൻസ്) ഡോ.എസ്. ഹരികൃഷ്ണൻ, ഐ.എൻ.എസ് മാഹിയുടെ കമാൻഡിംഗ് ഓഫീസർ അമിത് ചന്ദ്ര ചൗബെ, നാവികസേനാ റിയർ അഡ്മിറൽ ആർ. ആദിശ്രീനിവാസൻ, കമാൻഡർ അനുപ് മേനോൻ തുടങ്ങിയവർ കൈമാറ്റച്ചടങ്ങിൽ പങ്കെടുത്തു.