സെഞ്ച്വറി നേടി മന്ദാനയും പ്രതീകയും, ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യന്‍ വനിതകള്‍ കൂറ്റന്‍ സ്‌കോറിലേക്ക്
നവി മുംബയ്: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ മഴ കാരണം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 48 ഓവറില്‍ 329 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ സ്മൃതി മന്ദാന, പ്രതീക റാവല്‍ എന്നിവര്‍ നേടിയ സെഞ്ച്വറികളാണ് ഇന്ത്യയെ മികച്ച നിലയിലേക്ക് എത്തിച്ചത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ജെമീമ റോഡ്രിഗ്‌സ് ബാറ്റിംഗ് തുടരുകയാണ്.
ഒന്നാം വിക്കറ്റില്‍ സ്മൃതി മന്ദാന 109(95) - പ്രതീക റാവല്‍ 122(134) എന്നിവര്‍ 212 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 34ാം ഓവറില്‍ അമേലിയ ഖേറിന് വിക്കറ്റ് സമ്മാനിച്ച് സ്മൃതി മടങ്ങയതോടെയാണ് സഖ്യം പിരിഞ്ഞത്. 10 ബൗണ്ടറിയും നാല് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്‌സ്. 134 പന്തുകളില്‍ 13 ബൗണ്ടറിയും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു റാവലിന്റെ ഇന്നിംഗ്‌സ്. മൂന്നാമതായി ക്രീസിലെത്തിയ ജെമീമ റോഡ്രിഗ്‌സ് അര്‍ദ്ധ സെഞ്ച്വറി നേടി ക്രീസിലുണ്ട്.
51 പന്തുകളില്‍ നിന്ന് 69 റണ്‍സാണ് ജെമീമയുടെ സമ്പാദ്യം. മറുവശത്ത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 10*(10) ആണ് ക്രീസിലുള്ളത്. ഇന്ത്യക്കും ന്യൂസിലാന്‍ഡിനും സെമി പ്രവേശനത്തിന് ഈ മത്സരത്തിലെ ജയം അനിവാര്യമാണ്. ജയിക്കുന്ന ടീമിനാണ് സെമിയിലെത്താന്‍ കൂടുതല്‍ സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നത്. അടുത്ത മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ താരതമേന്യ ദുര്‍ബലരായ ബംഗ്ലാദേശ് ആണ്. എന്നാല്‍ സെമി പ്രവേശനം ഉറപ്പിച്ച ദക്ഷിണാഫ്രിക്കയാണ് കിവീസിന്റെ എതിരാളികള്‍.