യുവതിയുടെ നാല് പല്ലുകള്‍ പോയിക്കിട്ടി; കാരണക്കാര്‍ കേരള വാട്ടര്‍ അതോറിറ്റി

Thursday 23 October 2025 7:47 PM IST

പത്തനംതിട്ട: റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ കേരള വാട്ടര്‍ അതോറിറ്റി എടുത്ത കുഴിയിലാണ് സ്‌കൂട്ടര്‍ യാത്രക്കാരി വീണത്. റാന്നിയിലെ കോളേജ് റോഡില്‍ ആണ് അപകടം സംഭവിച്ചത്. ചെറുകുളഞ്ഞി സ്വദേശിയായ അനുപമ സുകുമാരന്‍ (29) ആണ് അപകടത്തില്‍പ്പെട്ടത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട അനുപമയുടെ നാല് പല്ലുകള്‍ ഇളകിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അനുപമയ്ക്ക് അപകടം സംഭവിച്ചത്. ജല അതോറിറ്റി റോഡിലെടുത്ത കുഴി കൃത്യമായി മൂടാതിരുന്നതാണ് അപകടത്തിന് കാരണം. പുതിയ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായിട്ടാണ് പൈപ്പ് മാറ്റിയിടല്‍ ജോലികള്‍ നടക്കുന്നത്. അപകടത്തിന് പിന്നാലെ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെത്തി കുഴി മൂടി. മെറ്റലും മണ്ണും ഇട്ട് ജെസിബി ഉപയോഗിച്ച് കുഴി അടച്ചു.

റോഡ് പണി നടക്കുന്ന സ്ഥലങ്ങളില്‍ കുഴി എടുത്തതിന് ശേഷം അത് കൃത്യമായി മൂടാതിരുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. എത്ര സംഭവങ്ങളുണ്ടായാലും ആളുകളുടെ ജീവന്‍ നഷ്ടമായാലും ഇത്തരം രീതികള്‍ക്ക് മാറ്റം സംഭവിക്കാത്തതില്‍ നാട്ടുകാര്‍ക്കും പ്രതിഷേധമുണ്ട്.