'മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനിൽ നിന്നില്ല,​ കലുങ്കിസമാണ് സുരേഷ് ഗോപിയുടെ പ്രത്യയശാസ്ത്രം'

Thursday 23 October 2025 7:54 PM IST

തിരുവനന്തപുരം : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനിൽ നിന്ന് കേരളത്തിനില്ലെന്നും കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയ ശാസ്ത്രമെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ കലുങ്ക് സംവാദത്തിനിടെ ശിവൻകുട്ടിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പരിഹസിച്ചിരുന്നു. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നായിരുന്നു പരിഹാസം. ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസ പരാമ‌ർശം. എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോൾ ഉള്ളത്. അവരൊക്കെ തെറിച്ചുമാറട്ടെ. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വേണമെന്ന് നാട്ടുകാർ ആവശ്യം ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. തനിക്കെതിരെ എപ്പോഴും വിമർശനം ഉന്നയിക്കുന്നയാളാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയെന്നും അവരിൽ നിന്ന് ഇംഗ്ലീഷ് മീഡിയം സ്‌കൂളൊന്നും പ്രതീക്ഷിക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

മുമ്പും പലതവണ മന്ത്രി ശിവൻകുട്ടി സുരേഷ് ഗോപിക്കെതിരെ പ്രതികരണവുമായി എത്തിയിരുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പലപ്പോഴും സുരേഷ് ഗോപിക്കെതിരായ പരാമർശങ്ങൾ നടത്തിയിരുന്നത്.