സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കർ അന്തരിച്ചു
തിരുവനന്തപുരം: സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കർ(73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മലേഷ്യയിലായിരുന്നു അന്ത്യം. മലയാളം,തമിഴ്,തെലുങ്ക്,കന്നട ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1980കൾ മുതൽ സിനിമാ രംഗത്തു സജീവമായിരുന്ന ഭാസ്‌കർ വിവിധ ഭാഷകളിൽ മുന്നൂറോളം ചിത്രങ്ങൾക്കു വേണ്ടി സംഘട്ടന രംഗങ്ങൾ ഒരുക്കി. ഇതിൽ ഭൂരിഭാഗവും മലയാളത്തിലാണ്. മോഹൻലാലിന്റെ താഴ്വാരം മമ്മൂട്ടിയുടെ മൃഗയ തുടങ്ങിയ സിനിമകൾക്ക് റിയലിസ്റ്റിക്കായ സംഘട്ടന രംഗങ്ങൾ ഒരുക്കി. അതേസമയം ജോഷി ചിത്രങ്ങൾക്കു വേണ്ടി സ്റ്റൈലൻ ആക്ഷൻ രംഗങ്ങളും ഒരുക്കിയിട്ടുണ്ട്.
ബാലാജിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ തമിഴ് സിനിമയുടെ നിർമ്മാണത്തിലായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ മലേഷ്യയിൽ ഷൂട്ട് ചെയ്തു.
മലയാളത്തിൽ ജോഷി,ഐ.വി.ശശി,ഭരതൻ,ഫാസിൽ,സിദ്ധിഖ്,സിബി മലയിൽ തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ബോഡി ഗാർഡ്,കൈയെത്തും ദൂരത്ത്,ഫ്രണ്ട്സ്,മൈഡിയർ കരടി,കൂട്ട്,കേരള ഹൗസ് ഉടൻ വില്പനയ്ക്ക്,മീനാക്ഷി കല്ല്യാണം,ഹിറ്റ്ലർ ബ്രദേഴ്സ്,മന്ത്രമോതിരം,കസ്റ്റംസ് ഡയറി,ബോക്സർ തുടങ്ങിയവ ഭാസ്‌കർ സംഘട്ടന സംവിധാനം നിർവഹിച്ച ചിത്രങ്ങളിൽ ചിലതാണ്. മരണാന്തര ചടങ്ങുകൾ മലേഷ്യയിൽ വച്ച് നടക്കും.