വഴിയരികിൽ ഭീഷണിയുയർത്തി ട്രാൻസ്ഫോമർ അപകടം കയ്യെത്തും ദൂരെ..

Friday 24 October 2025 12:04 AM IST
റോഡ് എഡ്ജ് ലൈനിനടുത്തുള്ള ട്രാൻസ്ഫോമിന് സമയം സ്കൂട്ടർ യാത്രക്കാരി വാഹനം നിർത്തിയിട്ട നിലയിൽ

കൊയിലാണ്ടി: മുത്താമ്പി റോഡിൽ ചെത്ത് തൊഴിലാളി മന്ദിരത്തിന് എതിർ വശത്തെ ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കണമെന്ന് കച്ചവടക്കാർ. റോഡിൻ്റെ എഡ്ജ് ലൈനിൽ നിന്ന് ഏകദേശം ഒരു മീറ്റർ അകലത്തിലാണ് ട്രാൻസ്ഫോമർ സ്ഥിതി ചെയ്യുന്നത്. സമീപകാലത്ത് റോഡിന് വീതി കൂട്ടി ടാർ ചെയ്തതോടെയാണ് കാൽ നടയാത്രക്കാർക്ക് നടക്കാൻ ഇടമില്ലാതായത്. സ്വകാര്യവ്യക്തിയുടെ കടയുടെ ആവശ്യത്തിനായാണ് ഇവിടെ ട്രാൻസ്ഫോമർ സ്ഥാപിച്ചത്. ഫെൻസിഗ് ഇല്ലാത്തതിനാൽ കാൽ നടയാത്ര പോലും ദുഷ്ക്കരമായിരിക്കയാണ്. കൊയിലാണ്ടിയിലെ ഏറ്റവും തിരക്ക് പിടിച്ച റോഡാണിത്. ദേശീയ പാതയിലെ സർവീസ് റോഡിലേക്ക് വാഹനങ്ങൾ കയറുന്നത് ഈ ഭാഗം പിന്നിട്ടതിന് ശേഷമാണ്. റെയിൽവെ റോഡ് മുതൽ മുത്താമ്പി റോഡിൽ ട്രെയിൻ യാത്രക്കാർ ബൈക്കുകൾ പാർക്ക് ചെയ്യുന്നതിനാൽ കാൽ നടയാത്ര ഏറെ പ്രയാസമാണ്. ചെറിയ അശ്രദ്ധ മതി ട്രാൻസ്ഫോമറിലേക്ക് തെന്നിവീഴാൻ.സമീപത്ത് കൂടി നടന്ന് പോകുന്ന കുട്ടികളെ അടക്കമുളള യാത്രക്കാരെ കച്ചവടക്കാർ അപകടത്തെക്കുറിച്ച് നിരന്തരം ജാഗ്രതപ്പെടുത്തുകയാണ്. കെട്ടിട ഉടമ ആവശ്യപ്പെട്ടാൽ നിയമാനുസൃതമായി മാറ്റുന്ന കാര്യം ബോർഡ് പരിശോധിക്കുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. സ്ഥലം ഇല്ലാത്തതാണ് ഫെൻസിംഗ് വെക്കാൻ കഴിയാത്തതെന്നും കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. അപകട ഭീഷണിയുയർത്തി നിൽക്കുന്ന ട്രാൻസ്ഫോമർ മാറ്റി സ്ഥാപിച്ച് അപകടരഹിതമായ സംവിധാനം ഉണ്ടാക്കണമെന്നതാണ് കച്ചവടക്കാരുടെ ആവശ്യം.