രാഷ്ട്രപതിയുടെ കോപ്ടർ പിഴവ് എച്ച് - ലാൻഡിംഗിനല്ല, പൈലറ്റിന് പിഴവില്ല, വിശദീകരണവുമായി വ്യോമസേന

Friday 24 October 2025 12:11 AM IST

തിരുവനന്തപുരം: ശബരിമല ദർശനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമുവുമായെത്തിയ ഹെലികോപ്ടർ ഇറക്കാൻ പ്രമാടത്ത് തയ്യാറാക്കിയ ഹെലിപ്പാഡ് ഉറപ്പുള്ളതായിരുന്നില്ലെന്ന് വ്യോമസേന വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഹെലിപ്പാഡിലെ എച്ച്- അടയാളം കോപ്ടർ ലാൻഡ് ചെയ്യാനുള്ള മാർക്കല്ല. മുകളിൽ നിന്ന് നോക്കുമ്പോൾ ഹെലിപ്പാഡാണെന്ന് പൈലറ്റിന് തിരിച്ചറിയാനാണത്. അതിലല്ല ലാൻഡ് ചെയ്യേണ്ടത്. എച്ച് അടയാളത്തിൽ നിന്ന് അഞ്ചടി മാറി ലാൻഡ് ചെയ്തതാണ് പ്രശ്നമായതെന്ന ആരോപണത്തിൽ കഴമ്പില്ല. എച്ച്- അടയാളമിട്ടതിന്റെ മദ്ധ്യത്തിലാവണം ലാൻഡിംഗ് എന്ന് നിബന്ധനയില്ല. ഹെലിപാഡിന്റെ ഓരോ ഇഞ്ച് സ്ഥലവും ഒരേ ബലത്തിലായിരിക്കണം.

വിമാനത്താവളങ്ങളിൽ റൺവേയുടെ വീതി 150 മീറ്ററാണ്. വിമാനം റൺവേയുടെ മദ്ധ്യത്തിലിറക്കാനാണ് പൈലറ്റുമാർ ശ്രമിക്കുക. എന്നാൽ,​ മദ്ധ്യഭാഗത്തിന് പുറത്ത് റൺവേയ്ക്ക് മോശം നിലവാരമായിരിക്കില്ല. ഹെലിപാഡിലെ കോൺക്രീറ്റ് ഉറയ്ക്കാതിരുന്നതാണ് കോപ്ടർ പുതയാനിടയാക്കിയത്. പരിചയസമ്പന്നനായ പൈലറ്റിന്റെ ലാൻഡിംഗിനെ പഴിക്കുന്നതിൽ കാര്യമില്ലെന്നും സേനാവൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, ദർശനത്തിന് അടിയന്തരമായി സൗകര്യങ്ങൾ സജ്ജമാക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. കനത്ത മഴ കാരണം നിലയ്ക്കലിൽ ഹെലികോപ്ടർ ഇറക്കാനാവില്ലെന്ന് വ്യോമസേന അറിയിച്ചത് ചൊവ്വാഴ്ച രാത്രി 9ന്. പിന്നീടാണ് പ്രമാടം സ്റ്റേഡിയത്തിൽ ഹെലിപ്പാഡിന് ഒരുക്കം തുടങ്ങിയത്. മൂന്ന് ഹെലിപ്പാഡുകളാണ് രാഷ്ട്രപതിക്കിറങ്ങാൻ സജ്ജമാക്കിയത്. പ്രമാടത്ത് കോൺക്രീറ്റ് പൂർത്തിയായത് ബുധനാഴ്ച പുലർച്ചെയായിരുന്നു. 12മണിക്കൂറാവാതെ കോൺക്രീറ്റ് ഉറയ്ക്കില്ല. വേഗത്തിൽ ഉറയ്ക്കാനുള്ള രാസമിശ്രിതം കലർത്തിയായിരുന്നു കോൺക്രീറ്റ് നടത്തിയത്. കനത്ത മഴയിൽ കോൺക്രീറ്റ് ഉറച്ചില്ല.

നിലയ്ക്കലിലേക്ക് ബുധനാഴ്ച രാവിലെ 9.35നാണ് ഹെലികോപ്ടറിൽ പോവാനിരുന്നത്. പിന്നീടത് രാവിലെ എട്ടിനും ഏഴരയ്ക്കുമാക്കി. കനത്ത മഴയാണെങ്കിൽ രാവിലെ ആറിന് റോഡ് മാർഗം തിരുവനന്തപുരത്ത് നിന്ന് ശബരിമലയിലേക്ക് പോവാനും രാഷ്ട്രപതി സന്നദ്ധതയറിയിച്ചു. നിലയ്ക്കൽ-പമ്പ 30കിലോമീറ്ററിലൊരുക്കിയ സുരക്ഷാസന്നാഹങ്ങൾ പൊടുന്നനെ പ്രമാടത്തു നിന്നുള്ള 70കിലോമീറ്ററിലേക്ക് നീട്ടേണ്ടിവന്നു. 1500 പൊലീസുകാരെ നിയോഗിച്ചു. വാഹനവ്യൂഹത്തിന്റെ റൂട്ട് തയ്യാറാക്കി.8.33നാണ് ഹെലികോപ്റ്റർ പ്രമാടത്ത് ലാന്റ് ചെയ്തത്. പ്രതികൂല കാലാവസ്ഥയിലും പഴുതടച്ച സുരക്ഷാസന്നാഹമൊരുക്കാനായി. പമ്പയിൽ നിന്ന് ദുർഘട പാതയിലൂടെ പ്രത്യേക വാഹനത്തിൽ രാഷ്ട്രപതിയെ സന്നിധാനത്തെത്തിക്കാനും കഴിഞ്ഞെന്ന് പൊലീസ് അവകാശപ്പെട്ടു.

രാഷ്ട്രപതി സുരക്ഷ പൊലീസിന്

രാഷ്ട്രപതിയുടെ സുരക്ഷയ്ക്ക് കരസേനയുടെ പ്രസിഡന്റ്സ് ബോഡിഗാർഡ്സുണ്ടെങ്കിലും യാത്രയിലും പരിപാടികളിലുമെല്ലാം സുരക്ഷയൊരുക്കേണ്ടത് പൊലീസാണ്. രാഷ്ട്രപതി എപ്പോൾ, എവിടെ പോവണമെന്ന് അന്തിമമായി നിശ്ചയിക്കുന്നത് ബോഡിഗാർഡ്സാണ്. പ്രധാനമന്ത്രിയുടെ സുരക്ഷ പൂർണമായി എസ്.പി.ജിക്കാണ്. പൊലീസിന് രണ്ടാംനിര സുരക്ഷാവലയമൊരുക്കുന്ന ചുമതലയേ ഉള്ളൂ.