ശ്വാസകോശം മാറ്റിവയ്പിൽ ചരിത്രം എഴുതി കോട്ടയം മെഡി.കോളേജ്, ഒരേദിവസം 3 അവയവമാറ്റ ശസ്ത്രക്രിയ

Friday 24 October 2025 12:12 AM IST

കോട്ടയം : ഹൃദയം, ശ്വാസകോശം, വൃക്ക എന്നീ പ്രധാന അവയവങ്ങൾ ഒരേദിവസം മാറ്റിവച്ച് അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ കോട്ടയം മെഡിക്കൽ കോളേജ് രാജ്യത്തിനുതന്നെ മാതൃകയായി. ഡൽഹി എയിംസിനു ശേഷം സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവയ്പ് നടന്നതും ഇവിടെയാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഇന്നലെ ഇവിടെ നടന്നത്. ഹൃദയം, ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് കാർഡിയോ തൊറാസിക് വിദഗ്ദ്ധനും, സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറും വൃക്ക മാറ്റിവയ്ക്കലിന് ഡോ.രാജീവനും നേതൃത്വം നൽകി.

മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിൻപുറത്ത് വീട്ടിൽ എ.ആർ. അനീഷിന്റെ (38) എട്ട് അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട് നേത്രപടലങ്ങളും കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കാണ് ലഭിച്ചത്. തൃശൂർ സ്വദേശിയായ 59 വയസുകാരന് ഹൃദയവും, കോട്ടയം സ്വദേശിനിയായ 27 വയസുകാരിക്ക് ശ്വാസകോശവും, പത്തനംതിട്ട സ്വദേശിയായ 38 വയസുകാരന് വൃക്കയും വച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ വിജയകരമാണെന്നും, ഒരാഴ്ച നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ എല്ലാവരെയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.