ശബരിമല റോഡ് വികസനത്തിന് 1107 കോടി രൂപ അനുവദിച്ചു : മന്ത്രി

Friday 24 October 2025 12:21 AM IST

കോന്നി : ശബരിമല റോഡ് വികസനത്തിന് നാലുവർഷത്തിനുള്ളിൽ 1107.24 കോടി രൂപ സർക്കാർ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മഞ്ഞക്കടമ്പ് - മാവനാൽ ട്രാൻസ്‌ഫോർമർ ജംഗ്ഷൻ - ആനകുത്തി - കുമ്മണ്ണൂർ കല്ലേരി റോഡ് നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 35,000 കോടി രൂപയാണ് റോഡ് പ്രവൃത്തിക്ക് മാത്രമായി സർക്കാർ അനുവദിച്ചത്. 8200 കിലോ മീറ്ററിലേറെ റോഡുകൾ നവീകരിച്ചു. നിർമാണം പോലെ തന്നെ പരിപാലനത്തിനും ശ്രദ്ധ നൽകി. പൊതുമരാമത്ത് വകുപ്പിന്റെ 40 കോടി രൂപയുടെ വികസന പദ്ധതികളാണ് കോന്നി നിയോജക മണ്ഡത്തിൽ ഒറ്റ ദിവസം കൊണ്ട് നിർവഹിക്കുന്നത്. ജില്ലയിലെ എല്ലാ റോഡുകളും മികച്ച നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാരിനായി. നൂറു ശതമാനം പൊതുമരാമത്ത് റോഡുകളും ബി എം ബി സി നിലവാരത്തിലായ പഞ്ചായത്താണ് ആരുവാപ്പുലം എന്നും മന്ത്രി പറഞ്ഞു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, വി.ടി.അജോമോൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ വർഗീസ് ബേബി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ, സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.സിന്ധു, വി.ശ്രീകുമാർ, ഷീബാസുധീർ, അംഗംങ്ങളായ വി.കെ.രഘു, മിനി രാജീവ്, ജി.ശ്രീകുമാർ, ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി, പ്രസിഡന്റ് ശ്യാം ലാൽ, രഘുനാഥ് ഇടത്തിട്ട തുടങ്ങിയവർ പ്രസംഗിച്ചു.