നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കും : മന്ത്രി മുഹമ്മദ് റിയാസ്

Friday 24 October 2025 12:22 AM IST

പത്തനംതിട്ട : നഗരറോഡുകളുടെ നിലവാരം ഉയർത്തി ചെറിയ ഗതാഗതക്കുരുക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നഗര റോഡുകളുടെ മുഖഛായ മാറ്റി നവീകരിക്കും. പത്തനംതിട്ട നഗരത്തിലെ രണ്ട് റോഡുകളുടെ പൂർത്തീകരണ ഉദ്ഘാടനവും രണ്ട് റോഡുകളുടെ നവീകരണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. നഗരങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിന് ബൈപ്പാസ്, ഫ്‌ളൈ ഓവർ, ജംഗ്ഷൻ വികസനം തുടങ്ങിയവ ലക്ഷ്യമിടുന്നു. ഗ്രേഡ് സെപ്പറേറ്റർ നിർമിക്കും. പത്തനംതിട്ട നഗരത്തിൽ ശബരിമല നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടി രൂപ ചെലവഴിച്ച് ഏഴു റോഡ് നവീകരിച്ചു. 6.5 കോടി രൂപ ചെലവഴിച്ച് പത്തനംതിട്ട റിംഗ് റോഡ് സൗന്ദര്യവൽക്കരണവും 5.75 കോടി രൂപ ചെലവഴിച്ച് തിരുവല്ല - കുമ്പഴ റോഡിലെ ബി.സി ഓവർലേ പ്രവൃത്തിയും പൂർത്തിയാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ആറൻമുള മണ്ഡലത്തിലെ ഭൂരിഭാഗം റോഡുകളും മികച്ച നിലവാരത്തിലായെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി വീണാ ജോർജ് പറഞ്ഞു. മണ്ഡലത്തിലെ വികസനത്തിന് പൊതുമരാമത്ത് വകുപ്പ് 585 കോടി രൂപ അനുവദിച്ചു. അബാൻ മേൽപ്പാലം പൂർത്തിയാകുന്നു. കോഴഞ്ചേരി, ആഞ്ഞിലിമൂട്ടിൽ കടവ് പാലങ്ങളുടെ നിർമാണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട നഗരസൗന്ദര്യവൽക്കരണ പ്രവൃത്തിയുടെ നിർമാണോദ്ഘാടനവും മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സൺ ടി.സക്കീർ ഹുസൈൻ, നഗരസഭാംഗം അഡ്വ.എ.സുരേഷ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.വി.സഞ്ജു, മനോജ് മാധവശേരിൽ, ഡി.ഹരിദാസ്, എം.സജികുമാർ, നൗഷാദ് കണ്ണങ്കര,, മുഹമ്മദ് സാലി, നിസാർ നൂർമഹൽ എന്നിവർ പങ്കെടുത്തു. പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എൻജിനീയർ ബാബുരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭയും തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിഗും ചേർന്ന് തയ്യാറാക്കിയ റിസ്‌ക് ഇൻഫോംഡ് മാസ്റ്റർ പ്ലാനിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ബ്രോഷർ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് പത്തനംതിട്ട നഗരസഭാ ചെയർപേഴ്‌സൺ അഡ്വ.ടി.സക്കീർഹുസൈൻ നൽകി പ്രകാശനം ചെയ്തു. ജില്ലാ ടൗൺപ്ലാനർ ജി.അരുൺ, ഡെപ്യൂട്ടി ടൗൺ പ്ലാനർ നിമ്മി കുര്യൻ എന്നിവർ പങ്കെടുത്തു.