നടുറോഡിലെ പൈപ്പുകുഴി കെണിയായി, സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്

Friday 24 October 2025 12:23 AM IST

റാന്നി : റാന്നി ഇട്ടിയപ്പാറ - ബംഗ്ലാംകടവ് - വടശ്ശേരിക്കര റോഡിൽ വില്ലേജ് ഓഫീസിന് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ ജോലികൾ നടക്കുന്ന ഭാഗത്തെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്. റാന്നി ചെറുകുളഞ്ഞി കൊല്ലാലയ്ക്കൽ വീട്ടിൽ സുരേഷിന്റെ ഭാര്യ അനൂപ (30) ആണ് അപകടത്തിൽപ്പെട്ടത്. നാല് പല്ലുകൾ നഷ്ടപ്പെട്ട അനൂപയുടെ മുഖത്തും ചുണ്ടിലും ആഴത്തിൽ മുറിവേറ്റതിനാൽ ആറു തുന്നലുകളിടേണ്ടിവന്നു. പ്രാഥമിക ചികിത്സകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇന്നലെ രാവിലെ 9.45 ഓടെയാണ് സംഭവം. മകളെ സ്കൂളിൽ വിട്ടശേഷം ഇൻഷുറൻസ് സ്ഥാപനത്തിലേക്ക് ജോലിക്ക് പോകുകയായിരുന്നു യുവതി.

നാല് പല്ലുകൾ നഷ്ടമായ യുവതി

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

വാഹനങ്ങൾ കുടുങ്ങി

യുവതിക്ക് പരിക്കേറ്റതിന് പുറമെ സ്കൂൾ ബസുകൾ, ഡെലിവറി വാനുകൾ എന്നിവ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പൈപ്പുകുഴിയിൽ പുതഞ്ഞു. ഇവിടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

പാതയുടെ നിർമ്മാണം വൈകുന്നതിൽ നാട്ടുകാർ പ്രതിഷേധം തുടരുന്നതിനിടെയാണ് വാട്ടർ അതോറിറ്റിയുടെ ജോലികളും കെണിയായി മാറിയത്. നിർമ്മാണത്തിലെ അശാസ്ത്രീയതയും സുരക്ഷാ മുൻകരുതലുകൾ ഇല്ലാത്തതുമാണ് അപകടത്തിനും ഗതാഗതക്കുരുക്കിനും കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

നടപടി സ്വീകരിക്കണം : അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ

സ്കൂട്ടർ യാത്രക്കാരി അപകടത്തിൽപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനോടും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോടും ആവശ്യപ്പെട്ടു. ടാറിംഗ് നടക്കുന്നതിന് മുന്നോടിയായി വാട്ടർ അതോറിറ്റി പൈപ്പിടുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. സൂചനാ ബോർഡുകൾ വയ്ക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. കരാറുകാരന്റെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്.