ജില്ലയിലെ വിൽപനയിൽ വലിയ വർദ്ധന, ഇ.വി കുതിക്കുന്നു
പത്തനംതിട്ട : പെട്രോളിന് തികയില്ലായെന്ന നാട്ടുവർത്തമാനം പഴങ്കഥയാക്കി ജില്ലയിലാകെ ഇലക്ട്രിക്ക് വാഹനങ്ങൾ നിരത്തുകൾ കീഴടക്കുന്നു. ജില്ലയിൽ ഈ വർഷം ഇതുവരെ 2208 ഇലക്ട്രിക്ക് വാഹനം രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2021ൽ 224 ഇ.വികളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിലേറെയും ഇരുചക്രവാഹനങ്ങളുമായിരുന്നു. നിലവിലെ കണക്ക് പരിശോധിച്ചാൽ ഒൻപത് മടങ്ങ് വർദ്ധനയാണ് ഇൗ വർഷം ഇതുവരെ ഉണ്ടായിട്ടുള്ളത്. അടൂർ എസ്.ആർ.ടി.ഒയ്ക്ക് കീഴിൽ ഈ വർഷം മാത്രം 557 വാഹനങ്ങളുടെ രജിസ്ട്രേഷൻ കഴിഞ്ഞു. ജില്ലയിൽ കൂടുതൽ ഇലക്ട്രിക്ക് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് അടൂരിലാണ്. മല്ലപ്പള്ളി എസ്.ആർ.ടി.ഒയിൽ ആണ് കുറവ്. പ്രമുഖ കമ്പനികളെല്ലാം ഇവികൾ വിപണിയിലിറക്കിയതോടെ വിൽപ്പനയിലും വലിയ വർദ്ധനയുണ്ടായി. അറ്റകുറ്റപ്പണിയുടെ ചെലവ് പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രോണിക്ക് വാഹനങ്ങളിൽ കുറവാണ്. കാർ ഉൾപ്പെടയുള്ള വാഹനങ്ങൾ വീട്ടിൽ തന്നെ ചാർജ് ചെയ്യാം എന്ന നിലവന്നതോടെ ഇ വിക്ക് ആവശ്യക്കാരേറി. കൂടാതെ ജില്ലയിലാകെ 33 ചാർജിംഗ് സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ട്. ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾക്കും ആവശ്യക്കാരേറെയുണ്ട്.
ഹൈബ്രിഡിനോടും പ്രിയം
ഇലക്ട്രോണിക്ക് വാഹനങ്ങൾക്കൊപ്പം ഹൈബ്രിഡ് ഇ വാഹനങ്ങൾക്കും ജില്ലയിൽ ആവശ്യക്കാരേറെയുണ്ട്. വൈദ്യുതിയോടൊപ്പം പെട്രോൾ, ഡീസൽ എന്നിവയിലും പ്രവർത്തിക്കുന്നവയാണ് ഹൈബ്രിഡ് വാഹനങ്ങൾ. ജില്ലയിൽ തിരുവല്ല , പത്തനംതിട്ട, അടൂർ എസ്.ആർ.ടി.ഒകളിലാണ് കൂടുതൽ ഹൈബ്രിഡ് ഇ.വി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജില്ലയിൽ വിവിധ വർഷങ്ങളിൽ
രജിസ്റ്റർ ചെയ്ത ഇ വാഹനങ്ങൾ
2021 - 224 2022 - 700 2023 - 1459 2024 - 1746 2025 - 2208
ആകെ - 6337
ഇലക്ട്രിക്ക് ഓട്ടോറിക്ഷയാണ് ഉപയോഗിക്കുന്നത്.
പെട്രോളിനെ അപേക്ഷിച്ച് കൂടുതൽ ലാഭകരമാണ്.
പ്രദീപ്.എം.ആർ, തിരുവല്ല
(ഓട്ടോറിക്ഷ ഡ്രൈവർ)