പോത്തുണ്ടി-നെല്ലിയാമ്പതി ചുരം പാത നവീകരണം നീളുന്നു

Friday 24 October 2025 1:39 AM IST
വശം ഇടിഞ്ഞും വീതിയില്ലാതെയും കിടക്കുന്ന നെല്ലിയാമ്പതി ചുരം പാത

നെന്മാറ: ലോക ബാങ്ക് സഹായത്തോടെ പോത്തുണ്ടി- നെല്ലിയാമ്പതി ചുരംപാത നവീകരിക്കാൻ പദ്ധതി തയ്യാറാക്കി വർഷം ആറ് പിന്നിട്ടിട്ടും പാതയെന്ന സ്വപ്നം യാഥാർത്ഥ്യമായില്ല. 2018ലെ പ്രളയത്തിൽ തകർന്ന ചുരംപാത റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ തീരുമാനിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല.

ലോകബാങ്ക് എൻജിനീയർ ഉൾപ്പെടെ സന്ദർശിച്ച് തയ്യാറാക്കിയ പദ്ധതി രൂപരേഖ അംഗീകരിച്ച് 2021ൽ 90.96 കോടി രൂപയുടെ ഭരണാനുമതിയായി. തുടക്കത്തിൽ പാത വികസനവുമായി ബന്ധപ്പെട്ട് വനഭൂമികൂടി ലഭ്യമാക്കുന്നതിന് തടസമുണ്ടായി. പിന്നീട് റവന്യൂവകുപ്പിന്റെ മണ്ണാർക്കാട്ടുള്ള 133 ഏക്കർഭൂമി പകരംവനം വകുപ്പിന് കൈമാറിയതോടെ ആ തടസം നീങ്ങിയെങ്കിലും തുടർ നടപടികൾ പാതിവഴിയിൽ അവസാനിച്ചു. പിന്നീട് കരാർ നടപടികൾ കോടതി കയറിയതോടെ പണി തടസപ്പെട്ടു.

കെ.ബാബു എം.എൽ.എ നയമസഭയിൽ സബ്മിഷൻ ഉന്നയിച്ചതോടെ വകുപ്പ് മന്ത്രി ഇടപെട്ട് കേസ് തീർപ്പാക്കി. ശേഷം, നാലുവർഷം മുമ്പുള്ള പദ്ധതി തുകവെച്ച് കരാറെടുക്കാൻ സാദ്ധ്യതയില്ലെന്ന് കണ്ട് പുതിയ പദ്ധതി രൂപ രേഖയുണ്ടാക്കി. പിന്നീടുണ്ടായ മണ്ണടിച്ചിലിന്റെ ഭാഗങ്ങൾ കൂടി ഉപ്പെടുത്തിയാണ് നവീകരണ പദ്ധതി തയ്യാറാക്കിയത്. പുതുക്കിയ പദ്ധതി രൂപരേഖ സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ച് ഒരു വർഷത്തോളമായിട്ടും അനുമതിയായില്ല.

നെല്ലിയാമ്പതിയിൽ ഒരോ അവധി ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് വന്നുപോകുന്നത്. മിക്ക സ്ഥലത്തും എതിർവശത്ത് വാഹനം വന്നാൽ വശം കൊടുക്കാൻ പോലും സ്ഥലമില്ല. ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും സംരക്ഷണ ഭിത്തിയിടിഞ്ഞ് ഒരു ട്രാക്കിലൂടെ മാത്രമാണ് ഇരു ദിശയിലേക്കും വാഹനങ്ങൾ പോകുന്നത്. കുത്തനെയുള്ള കയറ്റവും വളവുകളും നിരവധി സ്ഥലങ്ങളിൽ നിവർത്തേണ്ടതുണ്ട്.

ടൂറിസം വികസനത്തിനല്ലെങ്കിലും നെല്ലിയാമ്പതിക്കാരുടെ നിത്യ യാത്രക്കായി എങ്കിലും റോഡ് വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ചെറു കാറ്റു വീശിയാൽ പോലും പലപ്പോഴും മരങ്ങൾ കടപുഴകി വീണു ഗതാഗതം മണിക്കൂറുകൾ തടസ്സപ്പെടുന്നു. ശക്തമായ മഴയുണ്ടായാൽ റോഡിലൂടെ വെള്ളം ഒഴുകി എപ്പോൾ വേണമെങ്കിലും വശം ഇടിയാവുന്ന സ്ഥിതിയുമാണ്. ചുരം കയറുന്ന വിനോദസഞ്ചാരികളുടെ പ്രാർത്ഥന തിരിച്ച് തടസ്സമില്ലാതെ എത്തിക്കണേ എന്നാണ്. നിലവിലുള്ള റോഡ് പോലും പൂർണമായും ഉപരിതലം പുതുക്കി ഗതാഗത യോഗ്യമാക്കിയാൽ ചെറിയ ആശ്വാസം ആകുമെന്ന് നെല്ലിയാമ്പതിയിലെ സഫാരി ജീപ്പുകാരും വിനോദസഞ്ചാരികളും പറയുന്നു.