സി.ഐ.ടി.യുവിന് പുതിയ യൂണിഫോം, ചുമടെടുക്കാൻ കറുത്ത പാന്റ്സും നീല ഷർട്ടും

Friday 24 October 2025 12:39 AM IST

കൊച്ചി: സി.ഐ.ടി.യു ചുമട്ട് തൊഴിലാളികൾക്ക് പുതിയ യൂണിഫോം. നീല ഷർട്ടും കറുത്ത പാന്റ്സും. നെഞ്ചി​ൽ നെയിം ബാഡ്‌ജ്. ബ്രാഞ്ചിന്റെയും പൂളി​ന്റെയും തൊഴിലാളിയുടെയും പേര് അതിലുണ്ടാവും. ഡിസംബറിൽ എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ യൂണിഫോം മാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.

അര നൂറ്റാണ്ടായി​ തുടരുന്ന നീല ഷർട്ടും കൈലിയുമാണ് ഇതോടെ മാറുന്നത്. കേരള ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് ഫെഡറേഷനു കീഴിൽ സംസ്ഥാനത്തുള്ള 48,000 തൊഴിലാളികൾ സെപ്തംബർ മുതലാണ് കറുത്ത പാന്റ്സിലേക്ക് മാറിയത്. സൗകര്യവും സുരക്ഷയും പരിഗണിച്ചാണ് മാറ്റം. മുണ്ടുടുത്ത് ജോലി ചെയ്യുന്നതിനെതിരെ ചില കോണുകളിൽ നിന്ന് വന്ന ആക്ഷേപങ്ങളും കാരണമായി​.

റെഡ് ബ്രിഗേഡും റെഡി

അടിയന്തര ഘട്ടങ്ങളിൽ സഹായങ്ങൾ എത്തിക്കാൻ സി.ഐ.ടി.യു തൊഴിലാളികളെ ഉൾപ്പെടുത്തിയുള്ള റെഡ് ബ്രിഗേഡും സജ്ജമായി. ഓരോ ജില്ലയിലും ആദ്യ ഘട്ടത്തിൽ 1,000 പേർക്ക് പരിശീലനം നൽകും. ദുരന്ത മുഖത്തെ രക്ഷാപ്രവർത്തനം, ഫസ്റ്റ് എയ്ഡ് തുടങ്ങിയവയിലാണ് പരിശീലനം. ചുവപ്പിൽ മഞ്ഞ റിഫ്ളക്ടറുള്ള കോട്ടുകൂടി ഇവർക്കുണ്ടാവും. അപകടങ്ങളിൽ റെഡ് ബ്രിഗേഡുകൾ ഓടിയെത്തും.

 കാലാനുസൃതമായ മാറ്റങ്ങൾക്ക് സി.ഐ.ടി.യുവും വിധേയമാവുകയാണ്. പാന്റിലേക്ക് മാറുമ്പോൾ ജോലിചെയ്യാൻ കൂടുതൽ സൗകര്യമുണ്ടാകും. - കെ.എം.അഷറഫ്,​ സംസ്ഥാന സെക്രട്ടറി,​ കേരള ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ